ന്യുഡൽഹി
വികസനത്തിനായി 13 വർഷംമുമ്പ് വിട്ടുനൽകിയ ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ നേതൃത്വത്തിൽ യുപിയിലെ ഗ്രേറ്റർ നോയിഡയിൽ നടത്തിവന്ന കർഷക സമരത്തിന് ചരിത്രവിജയം. ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ഓഫീസിനുമുന്നിൽ സ്ത്രീകളടക്കമുള്ളവർ 61 ദിവസമായി നടത്തിവന്ന രാപകൽ സമരമാണ് ശനിയാഴ്ച വിജയം കൊയ്തത്. നഷ്ടപരിഹാരം നിശ്ചയിക്കാനും പുനരധിവാസം ഉറപ്പാക്കാനുമായി ഒരു സമിതിയെ നിയമിക്കാമെന്ന് നോയിഡ കലക്ടർ സമരനേതാക്കൾക്ക് ഉറപ്പുനൽകി. സമിതി ജൂലൈ പതിനഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും. സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത 33 നേതാക്കളെയും ശനിയാഴ്ചതന്നെ സർക്കാർ വിട്ടയച്ചു. ജയിൽമോചിതരായവർ സമരവേദിയിൽ എത്തി. വിജയഭേരിയോടെയാണ് കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങിയത്.
ഏറ്റെടുക്കുന്ന ഭൂമിക്ക് -ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2008ൽ നോയിഡയിൽ കർഷകർ നടത്തിയ സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം 2013ൽ രൂപംനൽകിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥ പാലിച്ചതുമില്ല. ഇതിനെതിരെ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകർ പോരാട്ടം ആരംഭിച്ചു. ജൂൺ ആറിന് സമരവേദിയിൽ പൊലീസ് ഇരച്ചുകയറി കർഷകരെ തല്ലിച്ചതിച്ചു. ഡോ. രൂപേഷ് വർമ, വീർ സിങ് നാഗർ, ബ്രഹം പാൽ എന്നിവരടക്കം കിസാൻസഭയുടെ 33 നേതാക്കളെ ജയിലിലടച്ചു.