കൊച്ചി> പ്രമുഖ ഐടി കമ്പനിയായ സതര്ലാന്ഡ് ഗ്ലോബല് സര്വീസിന്റെ കൊച്ചിയിലെ ജീവനക്കാരുടെ ഗതാഗത സേവനത്തിനുപയോഗിക്കുന്ന 100 വാഹനങ്ങളില് 20 എണ്ണം ഗ്രീന് ടാക്സികളാക്കി. കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി സതര്ലാന്ഡിന്റെ ജീവനക്കാരുടെ ഗതാഗത സേവനം നല്കുന്ന എംജിഎസ് ട്രാവല്സിന്റെ വാഹനവ്യൂഹത്തില് പുതുതായി കൂട്ടിച്ചേര്ത്ത ഇരുപത് ടാറ്റാ എക്സ്പ്രസ്-ടി ഇലക്ട്രിക് കാറുകള് സതര്ലാന്ഡിന്റെ സീനിയര് വൈസ് പ്രസിഡന്റ് – ഹെഡ് ഓഫ് എപിഎസി ഹരിത ഗുപ്ത കമ്പനയുടെ കൊച്ചി ആസ്ഥാനത്ത് ഫ്ളാഗ് ഓഫ് ചെയ്തു.
വിപിയും ഹെഡ് ഓഫ് ഇന്ത്യാ ഓപ്പറേഷന്സുമായ ശ്രീജിത് രാജപ്പന്, ഇന്ത്യാ ഹെഡ് ഓഫ് ഫസിലിറ്റീസ് ആന്ഡ് ലോജിസ്റ്റിക്സ് കിരണ് വര്ഗീസ് തോമസ്, എവിപിയും കൊച്ചിന് സൈറ്റ് ഹെഡുമായ മിഥുന് മുകുന്ദന്, എംജിഎസ് ട്രാവല്സ് എംഡി എം എസ് അനില്കുമാര് എന്നിവര് പങ്കെടുത്തു. ഈ വര്ഷാവസാനത്തോടെ 100 വാഹനങ്ങളില് പകുതിയോളം ഈ വര്ഷം തന്നെ ഇത്തരം ഗ്രീന് ടാക്സികളാക്കുമെന്നും പരിസ്ഥിതിയോടുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ നടപടിയെന്നും ചടങ്ങില് സംസാരിച്ച ഹരിത ഗുപ്ത പറഞ്ഞു. സതര്ലാന്ഡിനും മറ്റ് സ്ഥാപനങ്ങള്ക്കുമായി ഗതാഗത സേവനം നല്കുന്ന തങ്ങളുടെ വാഹനവ്യൂഹത്തിലെ ഇലക്ട്രിക് കാറുകളുടെ എണ്ണം ഈ വര്ഷത്തോടെ 100 ആക്കുമെന്ന് ചടങ്ങില് സംസാരിച്ച എം എസ് അനില്കുമാര് പറഞ്ഞു.