ന്യൂഡൽഹി
മണിപ്പുർ 50 ദിവസമായി കത്തുമ്പോൾ കൂടിക്കാഴ്ചയ്ക്കായി 10 ദിവസമായി ഡൽഹിയിൽ കാത്തിരിക്കുന്ന സംസ്ഥാനത്തെ പ്രതിപക്ഷ പാർടികളുടെ പ്രതിനിധി സംഘത്തിന് മുഖംകൊടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് പറന്നു. രാജ്യത്തെ തന്ത്രപ്രധാന സംസ്ഥാനം വർഗീയ–- വംശീയ കലാപത്തിൽ എരിയുമ്പോഴാണ് പരിഹാരത്തിനായി ഇടപെടാതെ അമേരിക്കയുടെ കച്ചവട–- സൈനിക താൽപ്പര്യങ്ങൾക്ക് കുടപിടിക്കാൻ മോദി യാത്രതിരിച്ചത്. മണിപ്പുരിലെ രാഷ്ട്രീയ നേതൃത്വത്തെ അവഗണിച്ചത് മണിപ്പുരിന്റെ രോദനത്തോട് മോദി തുടരുന്ന ക്രൂരമായ നിസ്സംഗതയുടെ തെളിവായി. മണിപ്പുർ കത്തിയെരിയാൻ ബിജെപി നേതൃത്വം ഗൂഢമായി താൽപ്പര്യപ്പെടുന്നുണ്ടോയെന്ന സംശയവും ഈ നിലപാട് ഉയർത്തുന്നു.
മുൻ മുഖ്യമന്ത്രി ഇബോബി സിങ് ഉൾപ്പെടെ മണിപ്പുരിലെ 10 പ്രതിപക്ഷ പാർടിയുടെ നേതാക്കളാണ് ഡൽഹിയിൽ തുടരുന്നത്. ജൂൺ പത്തിനാണ് ഇവർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. ഈ അഭ്യർഥന തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി കാര്യാലയത്തിൽ നേരിട്ടുമെത്തിച്ചു. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. യുഎസിലേക്ക് പോകുംമുമ്പ് മോദി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇവർ പലതവണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മോദി യുഎസിലേക്ക് പോയതോടെ, മണിപ്പുരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുള്ള നിവേദനം പ്രതിപക്ഷ പാർടി നേതാക്കളുടെ സംഘം പ്രധാനമന്ത്രി കാര്യാലയത്തിന് കൈമാറി. ക്രമസമാധാനം ഉറപ്പാക്കുന്നതിൽ പൂർണമായും പരാജയപ്പെട്ട മുഖ്യമന്ത്രി ബീരൻ സിങ്ങിനെ പുറത്താക്കണം. ദിമാപ്പുരിൽ നിന്ന് ഇംഫാലിലേയ്ക്കുള്ള ദേശീയപാതയുടെ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നിവേദനത്തിലുണ്ട്.