ന്യൂഡൽഹി
കേന്ദ്രഭരണത്തിനു കീഴിൽ അഞ്ചുവർഷം പിന്നിടുമ്പോഴും ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് വഴിയൊരുക്കാതെ മോദിസർക്കാർ. തെരഞ്ഞെടുപ്പിനുശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തൊന്നും പ്രഖ്യാപിക്കാനുള്ള സാധ്യതയില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. 2014ൽ ആണ് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. 2018 ജൂണിൽ പിഡിപി–- ബിജെപി സഖ്യസർക്കാർ വീണതിനു പിന്നാലെ 2019 ആഗസ്തിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായി ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി.
ജമ്മുവിലും കശ്മീരിലും ബിജെപി പരാജയപ്പെടുമെന്നതിനാൽ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് മനഃപൂർവം വൈകിക്കുകയാണെന്ന് പിഡിപിയും നാഷണൽ കോൺഫറൻസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികൾ കേന്ദ്രഭരണത്തിനു കീഴിൽ ജമ്മു കശ്മീരിലെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും അവിടെ വികസനത്തിന്റെ വസന്തമാണെന്നുമാണ് സർക്കാരിന്റെ അവകാശവാദം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമീഷന്റെ ജോലിയാണെന്നും അതിൽ കേന്ദ്രസർക്കാർ ഇടപെടില്ലെന്നുമുള്ള വിചിത്രന്യായമാണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ബിജെപി സംസ്ഥാനനേതൃത്വം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനുമേൽ ഭാരിച്ച സമ്മർദമുണ്ടെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള തിരിച്ചടിച്ചു. സമ്മർദമുണ്ടെങ്കിൽ അത് തുറന്നുപറയാനുള്ള ധൈര്യമെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ ഒരുതരം ശൂന്യതയുണ്ടെന്നും അത് നികത്തണമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ നേരത്തേ പ്രസ്താവിച്ചിരുന്നു. ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാകാനും ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുമുള്ള ജമ്മു കശ്മീർ ജനതയുടെ അവകാശം നിഷേധിക്കുന്നതാണ് കേന്ദ്രനിലപാടെന്ന് നിയമവൃത്തങ്ങളും ചൂണ്ടിക്കാണിച്ചു.