തൃശൂർ
പുരാവസ്തു തട്ടിപ്പുകേസിൽ രണ്ടാം പ്രതി കെ സുധാകരനെതിരെയുള്ള തെളിവ് ബുധനാഴ്ച കോടതിയിലേക്ക്. കേസിൽ വ്യക്തമായ തെളിവുള്ളതുകൊണ്ടാണ് പ്രതിയാക്കിയതെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹൈക്കോടതിയിൽ നൽകുമെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റെസ്റ്റം പറഞ്ഞു.
ഒന്നാം പ്രതി മോൻസൺ മാവുങ്കലിനെ ചൊവ്വാഴ്ച വിയ്യൂർ ജയിലിലെത്തി ചോദ്യം ചെയ്തശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ കെ സുധാകരനെതിരായ തെളിവ് നേരത്തേതന്നെ ലഭിച്ചിരുന്നു. അതിനാലാണ് പ്രതി ചേർത്ത് റിപ്പോർട്ട് നൽകിയത്. ഇപ്പോഴത്തെ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽനിന്ന് സുധാകരനെ മോൻസൺ ഫോണിൽ വിളിച്ചിട്ടില്ല. ആകെ രണ്ടുപേരെ മാത്രമേ ബന്ധപ്പെടാനാകു. അത് നേരത്തേ എഴുതിക്കൊടുക്കണം. ആകെ വിളിച്ചത് മകനെയും അഭിഭാഷകനെയുമാണ്. കോൺഫറൻസ് കോൾപോലും നടക്കില്ല. പോക്സോ കേസിൽ മോൻസണിനെ ഭീഷണിപ്പെടുത്തിയിരുന്നില്ല. കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൺതന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസണെ അതിന് ഭീഷണിപ്പെടുത്തണമെന്നും ഡിവൈഎസ്പി ചോദിച്ചു. പ്രായമായ അമ്മ ഉള്ള തന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത് ശരിയായില്ലെന്നും- അദ്ദേഹം വ്യക്തമാക്കി.
സുധാകരന്റെ ചങ്ങാത്തം എന്നും ക്രിമിനലുകൾക്കൊപ്പം
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ചങ്ങാത്തം എന്നും കൊടും ക്രിമിനൽ – മാഫിയ സംഘത്തോടൊപ്പം. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉയരങ്ങൾ കീഴടക്കിയതും ഇവരുടെ പിൻബലത്തിലാണ്. എതിർക്കുന്ന കോൺഗ്രസ് നേതാക്കളെപ്പോലും സൈബറിടങ്ങളിൽ ആക്രമിക്കാൻ നിയോഗിച്ചതും ഇതേ ക്രിമിനൽ സംഘത്തെ. മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനുമെല്ലാം ഇതിനിരയായി. കെപിസിസി പ്രസിഡന്റുപദവിയിലെത്താൻ സംസ്ഥാനമാകെ പ്രചാരണം നടത്തിച്ചതും എ, -ഐ ഗ്രൂപ്പുകാർ തെളിവായി നിരത്തുന്നു.
ക്രിമിനൽ പ്രവർത്തനങ്ങളിൽ മാത്രമല്ല, ബലാൽത്സംഗക്കേസുകളിൽപോലും പ്രതികൾക്ക് ഒത്താശ ചെയ്യുന്നയാളാണ് സുധാകരൻ. സൂര്യനെല്ലി പെൺകുട്ടിയെ തുടർച്ചയായി അപഹസിച്ച നേതാവ് രാജ്യത്തിനുപുറത്തുപോയും ഇതാവർത്തിച്ചു. ദുബായിൽ വാർത്താസമ്മേളനത്തിൽ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് പെൺകുട്ടിയെ അപമാനിച്ചത്. ശിക്ഷിക്കപ്പെട്ട പ്രതികളെ ഉൾപ്പെടെ ന്യായീകരിച്ചു. സമാനമായാണ് ഇപ്പോൾ മോൻസൺ മാവുങ്കൽ എന്ന പോക്സോ കേസ് പ്രതിയെയും ന്യായീകരിക്കുന്നത്.
ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർഥി ധീരജ് രാജേന്ദ്രനെ നിഷ്ഠുരമായി കൊന്നതിനെ ന്യായീകരിക്കുക മാത്രമല്ല, പ്രതികളായ കോൺഗ്രസുകാരെ സംരക്ഷിച്ച് ഉന്നത പദവി നൽകി. ആ കൊലപാതകം കെഎസ്യുവിന് കരുത്ത് പകർന്നുവെന്നുവരെ പൊതുപരിപാടിയിൽ പ്രഖ്യാപിച്ചു. സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടുവെന്ന് പ്രസംഗിച്ചയാളാണ് സുധാകരൻ. ബാർ ഉടമകളാണ് കൈക്കൂലി നൽകിയതത്രെ. ആ ബാറുടമകളുടെ ഏജന്റായാണ് സുധാകരൻ പോയത്. അബ്കാരികളുമായുള്ള വഴിവിട്ട ബന്ധം മാത്രമല്ല, എംപിയായിരിക്കെ കോഴയിടപാടിന് കൂട്ടുനിന്നുവെന്നതുമാണ് വെളിപ്പെടുത്തിയത്.
.jpg)