ന്യൂഡൽഹി
ആന്ധ്രയിലെ പോളവാരം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള സിപിഐ എം പദയാത്രയ്ക്ക് തുടക്കം. സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു നയിക്കുന്ന ‘പോളവാരം പോരുപദയാത്ര’ ചൊവ്വാഴ്ച പതിനായിരങ്ങളുടെ അകമ്പടിയോടെ അല്ലൂരി സീതാരാമരാജു ജില്ലയിലെ നെല്ലിപാക ഗ്രാമത്തിൽനിന്ന് ആരംഭിച്ചു. യാത്ര ഏലൂർ, കൃഷ്ണ ജില്ലകളിലൂടെ 220 കിലോമീറ്റർ ദൂരം താണ്ടി ജൂലൈ നാലിന് വിജയവാഡയിൽ സമാപിക്കും.
പദ്ധതിയുടെ ഭാഗമായി കുടയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനോ പുനരവധിവാസം ഉറപ്പാക്കാനോ സംസ്ഥാന–- കേന്ദ്ര സർക്കാരുകൾ തയ്യാറായിട്ടില്ല. ഇതിനോടകം കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പുതിയ പട്ടയം നൽകിയിട്ടില്ല. പലരുടെ രേഖകളിലും ഒരേ ഭൂമിയാണ്.
വൈദ്യുതിക്കു പുറമെ സീമാന്ധ്രമേഖലയ്ക്ക് ജലസേചനം ഉറപ്പാക്കാനുള്ള പദ്ധതിക്കായി അഞ്ചുലക്ഷത്തോളം പേർ കുടിയൊഴിപ്പിക്കപ്പെടും. ആന്ധ്രയിലെ 339 ജനവാസമേഖലയും 91 പഞ്ചായത്തും 216 റവന്യുവില്ലേജും ഒഡിഷ, ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ചില ഗ്രാമങ്ങളും വെള്ളത്തിനടിയിലാകും.
ചെറുകൃഷികൾ നടത്തി ഉപജീവനം നയിക്കുന്ന കോണ്ടറെഡ്ഡി, നായിക്കർപോഡു, ഭഗത തുടങ്ങി ദുർബല ഗോത്രങ്ങളാണ് ആന്ധ്രയിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരിൽ ഏറെയും. ഒഡിഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ പദ്ധതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും പുറമെ വീട്, കുടിവെള്ളം, യുവജനങ്ങൾക്ക് തൊഴിൽ, ആരോഗ്യസംരക്ഷണം എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് സിപിഐ എം പദയാത്ര.