റിയാദ് > കേളി കലാസാംസ്കാരിക വേദി അതിന്റെ മുൻ അംഗങ്ങളുടെ സംസ്ഥാനതല കുടുംബസംഗമം സംഘടിപ്പിക്കുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയ കേളി പ്രവർത്തകരായിരുന്നവരുടെ കുടുംബങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതോടൊപ്പം കേളി നാട്ടിൽ നടപ്പാകുന്ന വിവിധ പദ്ധതികളിൽ കേളി മുൻ അംഗങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആദ്യ കുടുംബസംഗമം വിവിധ കലാ സാംസ്കാരിക പരിപാടികളോടെ 2023 സെപ്റ്റംബർ 17ന് നിലമ്പൂരിൽ നടക്കും. സംഗമത്തിൽ കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുള്ള കേളി മുൻ അംഗങ്ങൾക്ക് പുറമെ അവധിയിൽ നാട്ടിലുള്ള കേളി അംഗങ്ങളും കേളി കുടുംബവേദിയിലെ അംഗങ്ങളും പങ്കെടുക്കും.
കുടുംബ സംഗമത്തിൻറെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. നിലമ്പൂരിലെ കെഎസ്കെടിയു മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി മുൻ രക്ഷാധികാരി സമിതി അംഗം എൻ എ ജോൺ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ ആനവാതിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷൗക്കത്ത് നിലമ്പൂർ സ്വാഗതം ആശംസിച്ചു. കേളി മുൻ ഭാരവാഹികളായ റഷീദ് മേലേതിൽ, ഗോപിനാഥൻ വേങ്ങര, അലി പട്ടാമ്പി, അയ്യപ്പൻ എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി ചെയർമാൻ ഗോപിനാഥൻ വേങ്ങര, വൈസ് ചെയർമാൻമാർ എൻഎ ജോൺ, മുഹമ്മദ്കുഞ്ഞ് വള്ളിക്കുന്നം, കൺവീനർ ഷൗക്കത്ത് നിലമ്പൂർ, ജോയിൻ്റ് കൺവീനർമാർ പ്രിയേഷ് കുമാർ, ഉമ്മർകുട്ടി, ട്രഷറർ റഷീദ് മേലേതിൽ എന്നിവരെയും, വിവിധ സബ്കമ്മിറ്റികളെയും ജില്ലാ കോർഡിനേറ്റർമാരെയും യോഗം തെരഞ്ഞെടുത്തു. കൺവീനർ ഷൗക്കത്ത് നിലമ്പൂർ നന്ദി പറഞ്ഞു.