ന്യൂഡൽഹി> ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ ആരുമായും സഹകരിക്കാൻ ഒരുക്കമാണെന്ന് സമാജ്വാദി പാർടി പ്രസിഡന്റ് അഖിലേഷ് യാദവ് പറഞ്ഞു. 80 ലോക്സഭാ സീറ്റുള്ള ഉത്തർപ്രദേശ് ബിജെപിയുടെ തോൽവി ഉറപ്പാക്കുന്നതിൽ നിർണായക ഘടകമാകും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ യുപിയിൽനിന്ന് നേടിയ സീറ്റുകളാണ് കേന്ദ്രഭരണം പിടിക്കാൻ ബിജെപിക്ക് സഹായകമായത്. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തെ യുപിയിൽ എസ്പി നയിക്കും. ബിജെപിയുടെ പരാജയം താൽപ്പര്യപ്പെടുന്ന ഏത് പാർടിക്കും എസ്പിയുമായി സഹകരിക്കാം–- പട്നയിലെ പ്രതിപക്ഷ പാർടികളുടെ യോഗത്തിന് മുന്നോടിയായി അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച പട്ന ഗാന്ധി മൈതാനിയിലെ ജ്ഞാൻ ഭവനിലാണ് യോഗം. മുഖ്യമന്ത്രി നിതീഷ് കുമാർ നേരിട്ടാണ് തയ്യാറെടുപ്പുകൾ വിലയിരുത്തുന്നത്. ഇരുപതോളം രാഷ്ട്രീയ പാർടികളുടെ പ്രതിനിധികൾ പങ്കെടുക്കും. ബിഎസ്പി, ടിആർഎസ്, ബിജെഡി, തെലുങ്കുദേശം, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർടികൾ യോഗത്തിനുണ്ടാകില്ല. ബിജെപിക്കെതിരെ യോജിച്ച പോരാട്ടം ഏതെല്ലാം വിധം സാധ്യമാക്കാം എന്നതാകും പ്രധാന ചർച്ച. പരമാവധി ലോക്സഭാ സീറ്റുകളിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർടികളുടെ സംയുക്തസ്ഥാനാർഥിയെ നിർത്താനുള്ള ശ്രമവുമുണ്ടാകും. ഒരു പൊതുമിനിമം പരിപാടിക്കും രൂപം നൽകാനിടയുണ്ട്.
പ്രതിപക്ഷ പാർടികളുടെ ഐക്യനീക്കം ബിജെപിയിൽ അസ്വസ്ഥത സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി പദത്തിലേക്ക് ആരെയാകും ഉയർത്തിക്കാട്ടുകയെന്ന് പ്രതിപക്ഷ പാർടികൾ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. അക്കാര്യം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും ബിജെപി അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിപക്ഷ പാർടികൾ തിരിച്ചടിച്ചു.















