ന്യൂഡൽഹി> മണിപ്പുരിനെ കലാപഭൂമിയാക്കാൻ സംഘപരിവാർ സംഘടനകൾ പ്രവർത്തിച്ചതിന്റെ ശക്തമായ തെളിവുകൾ പുറത്തുവന്നിരിക്കെ ആർഎസ്എസ് നടത്തുന്ന സമാധാന ആഹ്വാനം പരിഹാസ്യം. കൊലയും കൊള്ളിവയ്പും അമ്പതാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ നേതൃത്വവും മണിപ്പുർ വിഷയത്തിൽ മൗനം തുടരുകയുമാണ്. കേന്ദ്ര– -സംസ്ഥാന മന്ത്രിമാരുടെയും ബിജെപി സംസ്ഥാന നേതാക്കളുടെയും വീടുകൾ അടക്കം തകർക്കപ്പെട്ടിട്ടും കേന്ദ്രം ഇടപെടുന്നില്ല. ഈ ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ, പൊലീസ്, സൈന്യം, കേന്ദ്ര ഏജൻസികൾ എന്നിവ ഏകോപനത്തോടെ പ്രവർത്തിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഹൊസബലെ ആവശ്യപ്പെടുന്നത്.
സംഘപരിവാർ പിന്തുണയുള്ള ആരംബായ് തെംഗോൽ, മെയ്ത്തീ ലീപുൺ എന്നീ മെയ്ത്തീ തീവ്രവാദ സംഘടനകളുടെ അക്രമത്തെ കുറിച്ച് മിണ്ടാട്ടമില്ല. കുക്കി ഭീകരരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് ആവർത്തിക്കുന്നു. ബീരേൻ സിങ് ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപിക്കുള്ളിലും എൻഡിഎ ഘടകകക്ഷികളിലും അഭിപ്രായം ഉയർന്നിട്ടും തെറ്റ് തിരുത്താൻ ദേശീയ നേതൃത്വം തുനിയുന്നില്ല.















