മനാമ > കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ കുവൈത്ത് അമീർ വീണ്ടും നിയമിച്ചു. 15 അംഗ മന്ത്രിസഭ രൂപീകരിക്കാനും പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനും അദ്ദേഹത്തെ ചുമതലപ്പെടുത്തിയതായും റോയൽ കോർട്ടിനെ ഉദ്ധരിച്ച് കുവൈത്ത് വാർത്താ ഏജൻസിയായ കുന തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് ആണ് പുതിയ മന്ത്രിസഭയിൽ ഒന്നാം ഉപപ്രധാനമന്ത്രി. ആഭ്യന്തര മന്ത്രി പദവിയും അദ്ദേഹം വഹിക്കും. കൂടാതെ, മൂന്ന് ഉപപ്രധാനമന്ത്രിമാരും പുതിയ മന്ത്രിസഭയിൽ ഉണ്ട്. ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിനെ ഉപപ്രധാനമന്ത്രിയായും പ്രതിരോധ മന്ത്രിയായും ഇസ അഹമ്മദ് മുഹമ്മദ് അൽ കന്ദാരിയെയും ഉപപ്രധാനമന്ത്രിയായും കാബിനറ്റ് കാര്യ സഹമന്ത്രി, ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയായും ഡോ. സയീദ് ഹമദ് അൽ ബറാക്കിനെ ഉപപ്രധാനമന്ത്രിയായും എണ്ണ മന്ത്രിയായും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയായും നിയമിച്ചു.
മൂന്ന് വർഷത്തിനിടെ കുവൈത്തിലെ എട്ടാമത്തെ സർക്കാരാണിത്. ജൂൺ ആറിന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ 50 അംഗ പാർലമെന്റിൽ 29 സീറ്റ് പ്രതിപക്ഷം നേടിയിരുന്നു. പത്തുവർഷത്തിനിടെ കുവൈത്തിൽ നടന്ന ഏഴാമത്തെ തെരഞ്ഞെടുപ്പായിരുന്നു അത്. ഏപ്രിൽ 18ന് കുവൈത്ത് കിരീടവകാശി പാർലമെന്റ് (ദേശീയ അസംബ്ലി) പിരിച്ചുവിട്ടതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ നടന്നത്. 2022 സെപ്തംബറിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി മാർച്ച് 19ന് ഭരണഘടന കോടതി പുനഃസ്ഥാപിച്ച 2020 ലെ ദേശീയ അസംബ്ലിയായിരുന്നു പിരിച്ചുവിടപ്പെട്ടത്.
50 അംഗങ്ങളിൽ 12 പേർ ഒഴികെ എല്ലാവരും സീറ്റ് നിലനിർത്തി. ഒരേ ഒരു വനിത മാത്രമാണ് ഇത്തവണ വിജയിച്ചത്. 1962 ൽ കുവൈത്ത് പാർലമെന്ററി സമ്പ്രദായം സ്വീകരിച്ച ശേഷം ഇതുവരെ 19 തെരഞ്ഞെടുപ്പുകൾ നടന്നു.