ന്യൂഡൽഹി > വർഗീയ രാഷ്ട്രീയത്തെ നഖശിഖാന്തം എതിർത്ത് മതിനിരപേക്ഷതയ്ക്കായ നിലകൊണ്ട പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞൻ പ്രൊഫ. ഇംതിയാസ് അഹമ്മദ് (83) അന്തരിച്ചു. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മൂന്നു പതിറ്റാണ്ടോളം പൊളിറ്റിക്കൽ സോഷ്യേളജി അധ്യാപകനായിരുന്ന അദ്ദേഹം ഈ രംഗത്തെ എണ്ണം പറഞ്ഞ പ്രതിഭയുമായിരുന്നു. ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം.
ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിലെ ജാതിയും സാമൂഹിക വർഗീകരണവും എന്ന പുസ്തകം അന്താരാഷ്ട്ര തലത്തിൽ അദ്ദേഹത്തെ അതിപ്രശസ്തനാക്കി. യുഎസിലെ മിസോറി സർവകലാശാലയിൽ നരവംശശാസ്ത്രത്തിൽ വിസിറ്റിങ് പ്രൊഫസറായിരുന്ന അഹമ്മദ് , ജെഎൻയു സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ 1972-ലാണ് പൊളിറ്റിക്കൽ സോഷ്യോളജിയും ന്യൂനപക്ഷ രാഷ്ട്രീയവും പഠിപ്പിക്കാൻ ആരംഭിച്ചത്. സർവകലാശാല ചരിത്രത്തിന്റെ മികച്ച അധ്യാപകനായും അദ്ദേഹം അറിയപ്പെട്ടു. ന്യൂനപക്ഷാവകാശങ്ങൾ, മുസ്ലീം വനിതകളുടെ ഉന്നമനത്തിൽ വിദ്യഭ്യാസത്തിന്റെ പങ്ക് തുടങ്ങി അസംഖ്യം വിഷയങ്ങളിൽ പ്രബന്ധങ്ങൾ എഴുതി. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കെതിരെയും ഇംതിയാസ് ശക്തമായ വിമർശനമുന്നയിച്ചു. സവർണ ഹിന്ദുത്വ നിലപാടുകളെ എതിർത്ത അതേമൂർച്ചയോടെ ന്യൂനപക്ഷ മതമൗലീകവാദത്തെയും അദ്ദേഹം നേരിട്ടു.
–