ന്യൂഡൽഹി > മണിപ്പുർ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതികരിക്കാൻ മോദി തയ്യാറാകണം. മണിപ്പുരിലെ പ്രതിപക്ഷ പാർടികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണുന്നതിനായി 10 ദിവസമായി ഡൽഹിയിലുണ്ട്. ഇതുവരെ സമയം അനുവദിച്ചിട്ടില്ല. യുഎസ് സന്ദർശനത്തിന് പോകുന്നതിന് മുമ്പായി പ്രതിപക്ഷ പാർടി പ്രതിനിധികളെ കാണണം. അമ്പത് ദിവസത്തോളമായി കലാപം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ ബീരൻ സിങിന് അധികാരത്തിൽ തുടരാൻ ധാർമികമായി അവകാശമില്ല. മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബീരൻ സിങിനെ നീക്കണം. സമാധാന ചർച്ചകൾക്ക് കേന്ദ്രം മുൻകയ്യെടുക്കണം- മണിപ്പുരിൽ നിന്നുള്ള പ്രതിപക്ഷ പാർടി നേതാക്കളുമായി എകെജി ഭവനിൽ കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.
സിപിഐ എം പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, നീലോൽപ്പൽ ബസു എന്നിവരും ചർച്ചയിൽ പങ്കാളികളായി. മുൻ മുഖ്യമന്ത്രി ഇബോബി സിങ്, പിസിസി പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര, സിപിഐഎം സംസ്ഥാന സെക്രട്ടറി ക്ഷേത്രമയൂം ശാന്ത, സിപിഐ സെക്രട്ടറി എൽ തോയ്റൻ സിങ്, ജെഡിയു പ്രസിഡന്റ് കെ എസ് എച്ച് ബീരൻ സിങ്, എൻസിപി പ്രസിഡന്റ് സൊറം ഇകൊയാമ സിങ് തുടങ്ങിയവർ മണിപ്പുരിൽ നിന്നെത്തിയ പ്രതിപക്ഷ സംഘത്തിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നില്ലെങ്കിൽ അദേഹത്തിന്റെ ഓഫീസിന് നിവേദനം കൈമാറുമെന്നും തുടർന്ന് മാധ്യമങ്ങളെ കാണുമെന്നും ഇബോബി സിങ് പറഞ്ഞു.
മണിപ്പുരിൽ സ്ഥിതിഗതികൾ അതീവഗുരുതരമായി തുടരുകയാണെന്ന് യെച്ചൂരി പറഞ്ഞു. അറുപതിനായിരത്തോളം പേർ അഭയാർത്ഥി ക്യാമ്പുകളിലാണ്. ബിജെപിയുടെ ഇരട്ടഎഞ്ചിൻ സർക്കാർ മണിപ്പുരിൽ വിപരീത ദിശകളിലാണ് സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയെ നീക്കിയെങ്കിൽ മാത്രമേ അർത്ഥവത്തായ രീതിയിൽ സമാധാനചർച്ചകൾക്ക് തുടക്കമിടാനാകൂ- യെച്ചൂരി പറഞ്ഞു.