കൊച്ചി > ഭൂരഹിതനായ മനുഷ്യർക്കു വേണ്ടി നിയമത്തിലോ ചട്ടത്തിലോ മാറ്റം വരുത്താൻ സർക്കാരിന് ഒരു മടിയുമില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കളമശേരി മുനിസിപ്പൽ ടൗൺഹാളിൽ ജില്ലാതല പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇനിയും ഭൂമി ലഭിക്കാനുള്ളവർക്ക് പട്ടയം നൽകാനുള്ള തടസമെന്തെന്ന് കണ്ടെത്തും. കൃത്യമായ നടപടിക്രമങ്ങളിലൂടെ ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി ലഭ്യമാക്കും. ഇന്ത്യയിലാദ്യമായി യൂണീക് തണ്ടപ്പേർ നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. അർഹതപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കാൻ സമയബന്ധിതമായ ഇടപെടൽ നടത്തും. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ദിവസവും എണ്ണൂറിലേറെ പരാതികൾ സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്. ഇത് വേഗത്തിലാക്കാനുള്ള പ്രവർത്തനം നടത്തും. ഇക്കാര്യത്തിൽ നിയമഭേദഗതി ഉൾപ്പെടെ പരിഗണിക്കും. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ആക്ഷേപമില്ലാതെ ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാൻ കഴിയുന്ന പ്രത്യേക സംവിധാനം റവ്യനൂ വകുപ്പ് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
1012 പട്ടയങ്ങളും 13 കൈവശാവകാശ രേഖകളും അടക്കം 1025 രേഖകളാണ് പട്ടയമേളയിൽ കൈമാറുന്നത്. സർക്കാർ അധികാരത്തിലെത്തി രണ്ട് വർഷം പൂർത്തിയാകുമ്പോൾ പട്ടയവും കൈവശാവകാശ രേഖയുടമക്കം ജില്ലയിൽ 4002 രേഖകളാണ് വിതരണം ചെയ്തത്. 1,22000 കുടുംബങ്ങളാണ് ഇക്കാലയളവിൽ സംസ്ഥാനത്ത് ഭൂമിയുടെ അവകാശികളായത്. രണ്ടാം വാർഷികത്തോടനുബന്ധിച്ച് പട്ടയമിഷൻ കൂടി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമിക്ക് അർഹതപ്പെട്ട മുഴുവൻ പേർക്കും പട്ടയം നൽകുകയെന്ന ചരിത്ര ദൗത്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ജൂലൈ മാസം മുതൽ പട്ടയമിഷന്റെ ഭാഗമായി കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും എംഎൽഎമാരുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി തഹസിൽദാർമാർ നോഡൽ ഓഫീസർമാരായുള്ള സമിതി ഭൂമിയുടെ അവകാശികളാകാൻ ബാക്കിയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് പട്ടയ ഡാഷ്ബോർഡിലേക്ക് രേഖപ്പെടുത്തും.
പട്ടയം നൽകുന്നതിനുള്ള തടസങ്ങൾ കൃത്യമായി രേഖപ്പെടുത്തി പരിഹാരം കണ്ടെത്തും. സംസ്ഥാന തലത്തിൽ ചീഫ് സെക്രട്ടറി ചെയർമാനും പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറുമായുളള പട്ടയവിതരണ നിരീക്ഷണ സമിതിയും പ്രവർത്തിക്കും. ആ സമിതിയിൽ ഏഴ് സർക്കാർ വകുപ്പുകളുടെ മേധാവികളുമുണ്ടാകും. ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാകും പട്ടയമിഷന്റെ പ്രവർത്തനം. ജില്ലകളിൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലും താലൂക്കിൽ തഹസിൽദാറുടെ നേതൃത്വത്തിലും പട്ടയമിഷൻ പ്രവർത്തിക്കും. വില്ലേജ് തല ജനകീയ സമിതിയും പട്ടയവിതരണത്തിന് ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ പരമാവധി വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. സ്വന്തമായി ഭൂമി എന്നത് മനുഷ്യന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. എല്ലാവർക്കും വീട് എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ഇതു സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എല്ലാ താലൂക്കുകളിലും അദാലത്തുകൾ പൂർത്തീകരിച്ചു. ജൂലൈ മാസം മുതൽ അദാലത്തിൽ സ്വീകരിച്ച തീരുമാനങ്ങൾ സംബന്ധിച്ച് അവലോകനം നടത്തും. അതിനു ശേഷം മന്ത്രിസഭ ഒന്നാകെ ജില്ലാതലത്തിൽ വികസനവിഷയങ്ങളിൽ സൂക്ഷ്മ പരിശോധന നടത്തും. പരമാവധി വേഗത്തിൽ ജനങ്ങൾക്ക് സേവനം ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ രണ്ട് പട്ടയമേളകളിലായി 2977 പട്ടയങ്ങൾ നൽകി. മൂന്നാമത്തെ പട്ടയമേളയോടെ ജില്ലയിൽ ആകെ 3989 പട്ടയങ്ങളാണ് ഈ സർക്കാർ നൽകിയത്. പട്ടയമേളയുടെ അടുത്തഘട്ടത്തിൽ അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിലെ ഏഴ് താലൂക്കുകളിലായി 124 സാധാരണ പട്ടയങ്ങളും 288 ദേവസ്വം പട്ടയങ്ങളും 600 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. കൂടാതെ 13 അപേക്ഷകർക്ക് കൈവശാവകാശ രേഖകളും കൈമാറി. കണയന്നൂർ താലൂക്കിൽ 12, ആലുവയിൽ 13 ഉം, പറവൂരിൽ നാലും കൊച്ചി താലൂക്കിൽ 18 ഉം, മൂവാറ്റുപുഴയിൽ 16ഉം കോതമംഗലത്ത് 30ഉം, കുന്നത്തുനാട്ടിൽ 31ഉം സാധാരണ പട്ടയങ്ങളാണ് വിതരണം ചെയ്തത്. കണയന്നൂർ താലൂക്കിൽ ഒന്നും, കൊച്ചിയിൽ ഏഴും, കുന്നത്തുനാട്ടിൽ അഞ്ചും കൈവശാവകാശ രേഖകളാണ് നൽകുന്നത്.
സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുക, വർഷങ്ങളായി ഭൂമി കൈവശം വച്ചിരുന്നവർക്ക് പട്ടയവും ക്രയ സർട്ടിഫിക്കറ്റും നൽകുക എന്നീ ലക്ഷ്യത്തോടെയാണ് പട്ടയം മേള സംഘടിപ്പിച്ചത്. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടക്കുന്ന മൂന്നാമത്തെ പട്ടയമേളയാണ് കളമശേരിയിൽ നടന്നത്. ആദ്യ പട്ടയമേളയിൽ 530 പട്ടയങ്ങളും രണ്ടാമത്തെ പട്ടയമേളയിൽ 2447 പട്ടയങ്ങളും ഉൾപ്പെടെ 2977 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്.
എംഎൽഎമാരായ അൻവർ സാദത്ത്, ആന്റണി ജോൺ, ടി ജെ വിനോദ്, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർമാരായ ബി അനിൽകുമാർ, ഉഷ ബിന്ദുമോൾ, രാഷ്ട്രീയകക്ഷി പ്രതിനിധി കെ എം ദിനകരൻ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.