ചാലക്കുടി > അർമേനിയയിൽ വച്ച് കൊരട്ടി സ്വദേശി കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം സ്വദേശി പാറപറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് മരിച്ചത്. ഞായറാഴച് വൈകീട്ടോടെ അർമേനിയയിൽ വച്ചായിരുന്നു സംഭവം.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൂരജ് അർമേനിയയിലേക്ക് പോയത്. അവിടെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സൂരജ് യൂറോപ്പിലേക്കുള്ള വിസയ്ക്കായി തിരുവനന്തപുരം സ്വദേശിയായ ഏജന്റിന് പണം നൽകിയിരുന്നു. പറഞ്ഞ അവധികളെല്ലാം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് സൂരജ് ചാലക്കുടി സ്വദേശിയായ സുഹൃത്തിനൊപ്പം ഏജന്റിന്റെ ഓഫീസിലെത്തി. തുടർന്നുണ്ടായ തർക്കത്തിൽ ഏജന്റിന്റെ സഹായികളായ അർമേനിയ സ്വദേശികൾ സൂരജിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സൂരജിന് കുത്തേൽക്കുകയും മരണം സംഭവിക്കുകയും ചെയ്തു. സുഹൃത്തായ ചാലക്കുടി സ്വദേശിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.