മനാമ > ഔദ്യോഗിക സന്ദര്‍ശനാര്‍ഥം സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ശനിയാഴ്ച ഇറാനില്‍ എത്തി. തലസ്ഥാനമായ തെഹ്റാനില്‍ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പ്രാദേശിക രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും പരിഹരിക്കണമെന്നും വിദേശികളുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ചര്‍ച്ചയില്‍ ഇറാന് പ്രസിഡന്റ് പറഞ്ഞതായി ഇറാന് ഒദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
സൗദിയും ഇറാനും ബന്ധം പുനരാരംഭിച്ചതില്‍ സൗദി വിദേശ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ഇറാനുമായുള്ള ബന്ധം തന്ത്രപരമായ തലത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫൈസല്‍ രാജകുമാരനും പ്രസിഡന്റ് റെയ്സിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്യാനും വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള വഴികള്‍ ആരായുന്നതിലും ഊന്നല്‍ നല്‍കിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക, അന്തര്‍ദേശീയ രംഗങ്ങളിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും വീക്ഷണങ്ങള്‍ കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ സല്മാന് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും ക്ഷണം ഇറാന് പ്രസിഡന്റിന് അദ്ദേഹം കൈമാറി.
നേരത്തെ ഫര്ഹാന് രാജകുമാരന് ഇറാന് വിദേശ മന്ത്രി ഹുസൈന് അമീര്‍ അബ്ദുള്ളാഹിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന് വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി ചര്‍ച്ചക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍, തെഹ്റാനിലെ സൗദി എംബസി ഉടന്‍ തുറക്കുമെന്ന് ഫര്ഹാന് രാജകുമാരന് വ്യക്തമാക്കി.
അമിറബ്ദുള്ളാഹിയാനുമായി ക്രിയാത്മകവും വ്യക്തവുമായ ചര്‍ച്ചകള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇറാനും സൗദി അറേബ്യയും മേഖലയിലെ രണ്ട് പ്രധാന ശക്തികളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് സുപ്രധാന സംഭവവികാസമാണെമന്നും അദ്ദേഹം പറഞ്ഞു.
ബീജിംഗില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം 100 ദിവസത്തിന് ശേഷം തെഹ്റാനില്‍ സൗദി വിദേശകാര്യമന്ത്രിക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇറാന് വിദേശകാര്യ മന്ത്രി പറഞ്ഞു.
നയതന്ത്രബന്ധം പുനരാരംഭിച്ചശേഷം ഇറാന്റെയും സൗദി അറേബ്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു തെഹ്റാനില്‍ നടന്നത്. രണ്ട് കൂടിക്കാഴ്ചകള്‍ മറ്റ് രാജ്യങ്ങളിലായിരുന്നു നടന്നത്. തെഹ്റാനില്‍ ശനിയാഴ്ച നടന്ന കൂടിക്കാഴ്ച ഏഴ് വര്‍ഷത്തിന് ശേഷം ഇറാനില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയാണ്.
ഏഴു വര്‍ഷത്തെ ഇടവേളക്കുശേഷം റിയാദിലെ ഇറാന് എംബസി ഈ മാസം ആറിന് വീണ്ടും തുറന്നിരുന്നു. ജിദ്ദയിലെ കോണ്‍സുലേറ്റ്, ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ (ഒഐസി) പ്രതിനിധി ഓഫീസ് എന്നിവയും തുറന്നു.
മാര്‍ച്ച് 10ന് ചൈനയുടെ മധ്യസ്ഥതയില്‍ സൗദിയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ധാാരണയില് എത്തിയിരുന്നു.
പ്രതിഷേധക്കാര്‍ 2016 ല്‍ തെഹ്റാനിലെ സൗദി നയതന്ത്ര കാര്യാലയം ആക്രമിച്ചതിനെതുടര്ന്നാണ് സൗദി ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചത്.