ന്യൂഡൽഹി>കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ 15,000-ത്തിലധികം സർക്കാർ ജീവനക്കാർക്ക് ഒരു മാസമായി ശമ്പളമില്ല. ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനി(എച്ച്ആർടിസി)ലാണ് ശമ്പളം മുടങ്ങിയ ജീവനക്കാർ അധികമുള്ളത്. 11,000പേർ . കൂടാതെ മെഡിക്കൽ കോളേജുകൾ, വനം, ജലവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലുള്ളവർക്കാണ് ശമ്പളം ലഭിക്കാത്തത്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് രണ്ടാഴ്ചയായിട്ടും ശമ്പളം വിതരണം ചെയ്യുവാൻ കഴിയാത്തത്. നിലവിൽ സർക്കാർ ട്രഷറിയിൽ 1000 കോടിയുടെ ഓവർ ഡ്രാഫ്റ്റുണ്ട്. പുറമെ 11,000 കോടി രൂപയുടെ പഴയ വായ്പയും പലിശയും ബാധ്യതയായുണ്ട്. ഈ സാഹചര്യത്തിൽ 800 കോടി കടമെടുക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഹിമാചലിന്റെ വായ്പാ പരിധി 5 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കുറച്ചത് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
പതിവായി മാസത്തിന്റെ ആദ്യ ആഴ്ചതന്നെ ശമ്പളം വിതരണം ചെയ്തിരുന്നതാണ്. അതാണ് രണ്ടാഴ്ചയായി മുടങ്ങിയത്. അടുത്ത ദിവസങ്ങളിൽ ശമ്പളം വിതരണം ചെയ്യുമെന്ന് മൃഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും വലിയ പ്രതീക്ഷയില്ലെന്ന് ജീവനക്കാർ പറയുന്നു.















