കൊൽകത്ത > പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പശ്ചിമ ബംഗാളിൽ അക്രമ സംഭവങ്ങൾ തുടരുന്നു. ശനിയാഴ്ച സാഹെബ് ഗഞ്ച് ജില്ലയിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ (ബിഡിഒ) ഓഫീസിൽ പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ തൃണമൂൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. നിരവധിപേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ കേന്ദ്രമന്ത്രി നിശിദ് പ്രവാണി ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം സിപിഐ എം പ്രവർത്തകർക്ക് നേരെ തൃണമൂൽ ഗുണ്ടകൾ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. വിവിധ അക്രമസംഭവങ്ങളിൽ രണ്ട് സിപിഐ എം പ്രവർത്തകർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്), തൃണമൂൽ പ്രവർത്തകരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
നൂറുകണക്കിനുപേർക്ക് പരിക്കേറ്റു. പലയിടത്തും എതിർ സ്ഥാനാർഥികളെ തട്ടിക്കൊണ്ടുപോയി. മിക്കയിടത്തും പൊലീസ് നിഷ്ക്രിയരായി നോക്കിനിന്നു. പത്രിക സമർപ്പിക്കുന്ന ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകൾക്ക് ഒരു കിലോമീറ്റർ അകലെവരെ നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും അതെല്ലാം ലംഘിച്ചായിരുന്നു തൃണമൂലുകാരുടെ അഴിഞ്ഞാട്ടം.
ഉത്തര ദിനാജ്പുർ ജില്ലയിൽ നടന്ന ആക്രമണത്തിലാണ് സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ടത്. പത്രിക സമർപ്പിക്കാൻ സ്ഥാനാർഥികളെ ആനയിച്ച് ബിഡിഒ ഓഫീസിലേക്ക് ഇടതുമുന്നണി പ്രവർത്തകർ നയിച്ച ജാഥയിലേക്ക് തൃണമൂലുകാർ ബോംബ് എറിയുകയും വെടിവയ്ക്കുകയും ചെയ്തു. സ്ഥാനാർഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഐഎസ്എഫ്, തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിച്ചതിനുശേഷം ഇതുവരെ അഞ്ചുപേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
ആക്രമണത്തിലും സുരക്ഷാവീഴ്ചയിലും പ്രതിഷേധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പുകമീഷൻ ഓഫീസിനു മുന്നിൽ ഇടതുമുന്നണി നേതൃത്വത്തിൽ റാലി നടത്തി. കമീഷൻ ഭരണകക്ഷിയുടെ ഏജന്റായാണ് പ്രവർത്തിക്കുന്നതെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൽ ബസു പറഞ്ഞു. സുരക്ഷ മുൻനിർത്തി സംസ്ഥാനത്തെ മുഴുവന് ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചു.














