കോഴിക്കോട് > രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും തൊഴിലാളി സംഘടനകളും ഒന്നിക്കണമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. കോഴിക്കോട് സരോജ് ഭവനിൽ ഇന്ന് ആരംഭിച്ച എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷന്റെ അൻപത്തൊന്നാം വാർഷിക സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് എൻഡിഎ ഗവൺമെന്റ് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ വലിയ അതൃപ്തിയും പ്രതിഷേധവും ഉയർന്നുവരുന്നുണ്ട്. ഈ പ്രതിഷേധത്തെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് ദുർബലപ്പെടുത്താനാണ് കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നത്. മണിപ്പൂരിൽ കലാപം തീ ആളുമ്പോൾ വർഗീയ അജണ്ടകളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രഗവണ്മെന്റ്. ദേശീയ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുക്കുകയും ജീവത്യാഗം ചെയ്തവരേയും മതം നോക്കി ചരിത്രത്തിൽ നിന്നും നിഷ്കാസിതരാക്കുന്നു. ചരിത്രവും ശാസ്ത്രവും നിരാകരിക്കുന്ന പഠനപദ്ധതി നടപ്പാക്കാനാണ് ശ്രമം. ജനതയെ വർഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങളെ തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ വേണുഗോപാൽ (മുൻ ജനറൽ സെക്രട്ടറി, എഐഐഇഎ) മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് ഉണ്ടായി എന്നവകാശപ്പെടുന്ന വളർച്ചയുടെ പ്രയോജനം സമ്പന്നരായ ചെറുന്യൂന പക്ഷത്തിനേ ലഭിക്കുന്നുള്ളു. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ സമാഹരിക്കുന്ന ജനങ്ങളുടെ സമ്പാദ്യം കുത്തകകളുടെ വളർച്ചക്കായാണ് ഉപയോഗിക്കുന്നത്. കേന്ദ്ര ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെയാണ് അദാനി വൻകുത്തകയായി വളർന്നത്. അദാനി വിഷയത്തിൽ യഥാർത്ഥ കുറ്റക്കാരെ തുറന്നു കാട്ടുന്നതിനു പകരം എൽഐസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന പ്രചരണമാണ് കുത്തക മാധ്യമങ്ങൾ നടത്തിയത്. പൊതുമേഖലകൾക്കെതിരെയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനും പൊതുമേഖലയെ സംരക്ഷിക്കാനുമു ള്ള പോരാട്ടം ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അജീഷ് ബി (സീനിയർ ഡിവിഷണൽ മാനേജർ, എൽഐസി ഓഫ് ഇന്ത്യ, കോഴിക്കോട് ഡിവിഷൻ ), പി പി കൃഷ്ണൻ (വൈസ് പ്രസിഡന്റ്, എഐഐഇഎ), എം കുഞ്ഞികൃഷ്ണൻ (ജനറൽ സെക്രട്ടറി, എഐഐപിഎ), പി സി ഷജീഷ് കുമാർ (എഫ്എസ്ഇടിഒ), ആർ ജൈനേന്ദ്രകുമാർ (സിസിജിഇ ആൻഡ് ഡബ്ലിയൂ), എം മോഹനൻ (ബിഇഎഫ്ഐ), പി പി സന്തോഷ്കുമാർ (ബിഎസ്എൻഎൽഇയു), കെ പുരുഷോത്തമൻ (കെഎസ്ജിഐഇയു) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ആർ കെ ഗോപിനാഥ് (ജോയിന്റ് സെക്രട്ടറി, എസ്സെഡ്ഐഇഎഫ്), എസ് ശിവസുബ്രഹ്മണ്യൻ (ട്രഷറർ, എസ്സെഡ്ഐഇഎഫ്), കെ കെ സി പിള്ള (ജനറൽ സെക്രട്ടറി, എൽഐസിപിഎ) എന്നിവർ പൊതുസമ്മേളനത്തിൽ സംബന്ധിച്ചു.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നി അഞ്ചു ജില്ലകളിൽ നിന്നുമായി 480ഓളം പ്രതിനിധികൾ പൊതു സമ്മേളനത്തിൽ പങ്കെടുത്തു. എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ ബാഹുലേയൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഐ കെ ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി എം ജെ ശ്രീരാം നന്ദിയും പറഞ്ഞു.
ഉച്ചക്ക് 3 മണിക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനം എസ് ശിവസുബ്രഹ്മണ്യൻ (ട്രഷറർ, എസ്സെഡ്ഐഇഎഫ്) ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഐ കെ ബിജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കെ ഭാഗ്യബിന്ദു വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു. 18ന് രാവിലെ 9.30 മണിക്ക് നടക്കുന്ന സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെയുള്ള സംസ്ഥാന കൺവെൻഷൻ കെ വേണുഗോപാൽ (മുൻ ജനറൽ സെക്രട്ടറി, എഐഐഇഎ) ഉദ്ഘാടനം ചെയ്യും. എം വിജയകുമാർ (കേരള സർക്കിൾ സെക്രട്ടറി, ബിഎസ്എൻഎൽഇയു), അജി എം ജി (കൊച്ചിൻ റിഫൈനറീസ് വർക്കേഴ്സ് അസോസിയേഷൻ എന്നിവർ കൺവെൻഷനിൽ സംസാരിക്കും.
രാവിലെ 11.30 മണിക്ക് നടക്കുന്ന “സമരോർമ്മകളുടെ ഭൂതകാലം” എന്ന പരിപാടിയിൽ മുൻകാല ഭാരവാഹികൾ അവരുടെ സമരാനുഭവങ്ങൾ പങ്ക് വെക്കും. സമ്മേളനം19ന് സമാപിക്കും.















