ന്യൂഡൽഹി
ഐതിഹാസിക കർഷക പ്രക്ഷോഭത്തിന്റെ ഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം അടച്ചുപൂട്ടിയത് പതിനായിരത്തോളം സമൂഹമാധ്യമ അക്കൗണ്ടുകൾ. കർഷക സമരം നടന്ന 2020ൽ പൂട്ടിയ ആകെ സമൂഹമാധ്യമ അക്കൗണ്ടുകൾ, വെബ്പേജുകൾ, ചാനലുകൾ എന്നിവയുടെ എണ്ണം 9849 ആണ്. 2018ൽ 2799, 2019ൽ 3635, 2021ൽ 6096, 2022ൽ 6775, 2023 ഫെബ്രുവരിയിൽമാത്രം 730 എന്നിങ്ങനെയാണ് കണക്ക്. തങ്ങൾ ആവശ്യപ്പെടുന്ന അക്കൗണ്ടുകൾ വിലക്കിയില്ലെങ്കിൽ ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവർത്തനം മുടക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തിയെന്ന് ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്ന കണക്ക് പുറത്തുവന്നത്.
കർഷകസമരം ആരംഭിച്ച 2020ൽ കേന്ദ്രം ആവശ്യപ്പെട്ട് 2731 ട്വിറ്റർ അക്കൗണ്ടാണ് പൂട്ടിച്ചത്. 2021ൽ 2851 ആയും 2022ൽ 3417 ആയും പൂട്ടുവീണ അക്കൗണ്ടുകളുടെ എണ്ണം കുതിച്ചുയർന്നെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനുള്ള കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാകുന്നു. 2023ൽ ഫെബ്രുവരിവരെമാത്രം 315 അക്കൗണ്ടും പൂട്ടിച്ചു.
2021 ജൂലൈ– -ഡിസംബറിൽ അന്താരാഷ്ട്രതലത്തിൽ 47,572 ട്വിറ്റർ അക്കൗണ്ട് റദ്ദാക്കണമെന്നായിരുന്നു വിവിധ രാജ്യങ്ങളുടെ ആവശ്യം. ഇതിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയെക്കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ, തുർക്കി, റഷ്യ എന്നിവയാണെന്ന് ട്വിറ്റർ വെളിപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ മാധ്യമപ്രവർത്തകരുടെയും വാർത്താചാനലുകളുടെയും അക്കൗണ്ടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ആകെ ട്വിറ്ററിന് ലഭിച്ചിരുന്നത് 965 അപേക്ഷയാണ്. ഇതിൽ 114ഉം നൽകിയത് മോദി സർക്കാരാണ്.