ന്യൂഡല്‍ഹി
ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച ബിപര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാന് മേഖലയിലേക്ക് നീങ്ങി. ജലോര്‍, ബാര്‍മര്‍ ജില്ലകളില്‍ വെള്ളിയാഴ്ച ശക്തമായ മഴ അനുഭവപ്പെട്ടു. കാറ്റ് ശക്തി കുറഞ്ഞ് രാജസ്ഥാനിലെ ജോധ്പുര്‍, ജയ്സാല്‍മര്‍, പാലി, സിരോഹി മേഖലകളിലേക്കാണ് നീങ്ങുന്നത്.
വ്യാഴം വൈകിട്ട് ആറരയോടെ തീരംതൊട്ട ബിപര്‍ജോയ് ഗുജറാത്ത് തീരത്ത് വന്‍ നാശംവിതച്ചു. 5120 വൈദ്യുതി തൂണുകള്‍ തകര്‍ന്നതോടെ 4600 ഗ്രാമം ഇരുട്ടിലായി. അറുനൂറോളം വൃക്ഷങ്ങള്‍ കടപുഴകി വന്‍ ഗതാഗതം തടസ്സമുണ്ടായി. വ്യാപകമായ കൃഷിനാശവുമുണ്ടായി. ഭാവ്നഗറില്‍ കുത്തൊഴുക്കില്‍പ്പെട്ട ആടുകളെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ടതോടെ ഗുജറാത്തില്‍ കച്ചിലെ വ്യവസായ മേഖലയില്‍ മാത്രം ദിവസം 500 കോടിയുടെ നഷ്ടം. പ്രവര്‍ത്തനങ്ങള്‍ നിര്ത്തവച്ചതും തുറമുഖങ്ങള്‍ അടച്ചിട്ടതും നഷ്ടമുണ്ടാകാന്‍ കാരണമായി. കണ്ട്-ല, അദാനിയുടെ മുന്ദ്ര തുറമുഖങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.