ന്യൂഡൽഹി
ഭോപാലിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് ജൂൺ ആറിന് ഒരു പ്രകടനമെത്തി. കാവിത്തലപ്പാവ് ചുറ്റി, കാവിക്കൊടി പിടിച്ച് ജയ്ശ്രീറാം വിളികളുമായി നൂറുകണക്കിനാളുകൾ പ്രകടനത്തിലുണ്ട്. വാളും കുന്തവും ഗദയുമൊക്കെ ചുഴറ്റിയുള്ള അഭ്യാസപ്രകടനങ്ങളും. മുൻ മുഖ്യമന്ത്രി കമൽനാഥ് അവരെ വരവേറ്റു. മധ്യപ്രദേശിൽ ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം നൽകിയിരുന്ന സംഘപരിവാർ സംഘടനയായ ബജ്റംഗ് സേനക്കാരാണ് കോൺഗ്രസിൽ ലയിക്കാനായി എത്തിയത്.
ഹൈന്ദവ വർഗീയവാദികളെ ആലിംഗനം ചെയ്യാൻ കമൽനാഥിനും മറ്റ് കോൺഗ്രസ് നേതാക്കൾക്കും മടിയുണ്ടായില്ല. ഈ വർഷം അവസാനമുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവരുടെ പിന്തുണ നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് അടുക്കുംതോറും മൃദുഹിന്ദുത്വത്തിൽനിന്ന് തീവ്രഹിന്ദുത്വത്തിലേക്ക് കോൺഗ്രസ് വഴിമാറുന്ന കാഴ്ച മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പ്രകടം. അയോധ്യയിലെ പള്ളി ഹിന്ദുക്കൾക്ക് പൂജയ്ക്കായി തുറന്നുകൊടുത്തത് 1986ൽ രാജീവ് ഗാന്ധിയാണെന്ന് എല്ലാ യോഗങ്ങളിലും കമൽനാഥ് അഭിമാനത്തോടെ പറയുന്നു.
ക്ഷേത്രം പണിക്കായി 11 വെള്ളി ഇഷ്ടിക കമൽനാഥ് നേരത്തേ അയച്ചിരുന്നു. ജബൽപ്പുരിൽ എത്തിയ പ്രിയങ്ക ഗാന്ധി നർമദയിൽ 100 പൂജാരിമാരുടെ സാന്നിധ്യത്തിൽ പൂജയോടെയായിരുന്നു നിയമസഭാ പ്രചാരണത്തിന് തുടക്കമിട്ടത്. റാലിയിൽ ഹനുമാന്റെ ഗദയ്ക്കായിരുന്നു കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയേക്കാൾ പ്രാമുഖ്യം.
‘രാം വൻ ഗമൻ പഥ്’ പദ്ധതി, ദേശീയ രാമായണോത്സവം, കൗസല്യാ മഹോത്സവം, അന്താരാഷ്ട്ര രാമായണ ആഘോഷം തുടങ്ങിയവയാണ് ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാരിന്റെ പരിപാടികൾ. താങ്ങുവിലയ്ക്ക് ചാണക–– ഗോമൂത്ര സംഭരണം, ചാണക ഉൽപ്പന്നങ്ങൾക്കായി ഗ്രാമങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ എന്നിവയും ഭൂപേഷ് ബാഗേൽ സർക്കാർ നടപ്പാക്കിയിട്ടുണ്ട്.