ന്യൂഡൽഹി
മോദി സർക്കാർ അതിവേഗം നീങ്ങുന്നത് ഇന്ത്യയെ പൂർണമായും അമേരിക്കയുടെ സാമന്തരാഷ്ട്രമാക്കി തീർക്കുന്ന കരാറുകളിലേക്കും ധാരണകളിലേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലുദിവസത്തെ യുഎസ് പര്യടനം പൂർണമായും ഈയൊരു ലക്ഷ്യം നിറവേറ്റാനാണ്. കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അമേരിക്കൻ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിർത്തുകയെന്ന താൽപ്പര്യംകൂടി മുൻനിർത്തിയാണ് ബൈഡൻ ഭരണകൂടം മോദിക്ക് വലിയ സ്വീകരണമൊരുക്കുന്നത്.
റഷ്യൻ സൈന്യം അടുത്തിടെ നിസ്സാരമായി വീഴ്ത്തിയ പ്രിഡേറ്റർ സീഗാർഡിയൻ ഡ്രോണുകൾ യുഎസിൽനിന്ന് വാങ്ങാൻ മോദി അമേരിക്കയിലേക്ക് തിരിക്കും മുമ്പുതന്നെ തീരുമാനമായി. സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവനും ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കാൽലക്ഷം കോടി രൂപ മുടക്കി മുപ്പത് ഡ്രോണാണ് ഇന്ത്യ വാങ്ങുക.
കഴിഞ്ഞ വർഷം ടോക്യോയിൽ ചേർന്ന ക്വാഡ് സമ്മേളനത്തിനിടെ ബൈഡനും മോദിയും കൂടിക്കാഴ്ച നടത്തി യുഎസ്–-ഇന്ത്യ ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമർജൻസി ടെക്നോളജിക്ക് (ഐസെറ്റ്) തുടക്കമിടാൻ ധാരണയായിരുന്നു. ജനുവരിയിൽ വാഷിങ്ടണിൽ ഡോവലിന്റെയും സുള്ളിവന്റെയും സാന്നിധ്യത്തിലാണ് ഐസെറ്റ് ഉദ്ഘാടനം ചെയ്തത്.
പ്രിഡേറ്റർ ഡ്രോണുകൾക്ക് പുറമെ ജിഇ ഏവിയേഷന്റെ ജെറ്റ് എൻജിനുകളുടെ ഇന്ത്യയിലെ ഉൽപ്പാദനം, മൈക്രോൺ ടെക്നോളജിയുടെ സെമികണ്ടക്ടർ ചിപ്പ് നിർമാണകേന്ദ്രം, ക്വാണ്ടം കംപ്യൂട്ടിങ് ടെക്നോളജി പങ്കുവയ്ക്കൽ, മിസൈലുകൾ– -ലോയിട്ടർ ബോംബുകൾ–- ദീർഘദൂര പീരങ്കി ബോംബുകൾ എന്നിവയുടെ കാര്യത്തിലും മോദി സന്ദർശനത്തിൽ ധാരണയായേക്കും.