ന്യൂഡൽഹി > യുഎഇ- ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) സംയുക്ത സമിതിയുടെ ആദ്യ യോഗം സമാപിച്ചു. ഡൽഹിയിൽ വെച്ചു നടന്ന സംയുക്ത സമിതി യോഗത്തിൽ യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ഇന്ത്യയുടെ വാണിജ്യ വ്യവസായ, ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം, ടെക്സ്റ്റൈൽസ് കാര്യ മന്ത്രി പിയൂഷ് ഗോയലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദമായ ചർച്ച നടത്തി.
നിലവിലെ എണ്ണ ഇതര വ്യാപാരത്തിൽ 48 ബില്യൺ യുഎസ് ഡോളർ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2030-ഓടെ എണ്ണ ഇതര വ്യാപാരത്തിൽ 100 ബില്യൺ യുഎസ് ഡോളർ ലക്ഷ്യം വെക്കുന്നതായി ഇരു രാജ്യങ്ങളും സമ്മതിച്ചു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനു കീഴിലുള്ള ഉഭയകക്ഷി വ്യാപാരം ഇരുപക്ഷവും അവലോകനം ചെയ്യുകയും കരാറിനു കീഴിൽ വരുന്ന സമിതികൾ, ഉപസമിതികൾ, സാങ്കേതിക കൗൺസിൽ എന്നിവ പ്രവർത്തനക്ഷമമാക്കാനും സേവനങ്ങളിൽ വ്യാപാരം സംബന്ധിച്ച പുതിയ ഉപസമിതി ആരംഭിക്കാനും തീരുമാനമായി. കൂടാതെ വ്യാപാര ഡാറ്റയുടെ പരസ്പര കൈമാറ്റം ത്രൈമാസ അടിസ്ഥാനത്തിൽ നടത്താനും തീരുമാനമായി. വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും 2024 ഫെബ്രുവരി അവസാന വാരം അബുദാബിയിൽ നടക്കാനിരിക്കുന്ന ഡബ്ല്യുടിഒയുടെ (എംസി 13) 13-ാമത് മന്ത്രിതല സമ്മേളനത്തെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യുഎഇയിലും ഇന്ത്യയിലുടനീളമുള്ള എസ്എംഇകൾ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കായി കയറ്റുമതി അധിഷ്ഠിത ബി2ബി സഹകരണം സുഗമമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.