അബുദാബി > ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസത്തേക്ക് യു എ ഇ യിൽ ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നു. നിയമം ലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം വരെ പിഴ ലഭിയ്ക്കും. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ജോലിയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ തടയുന്നതിന് യുഎഇ സ്വീകരിക്കുന്ന പൊതു സുരക്ഷയും ആരോഗ്യ നടപടികളും അടിസ്ഥാനമാക്കിയാണ് ഉത്തരവെന്ന് മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി സഖർ ബിൻ ഗുബാഷ് സയീദ് ഘുബാഷ് പറഞ്ഞു.
ഉച്ച സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കുടിവെള്ളവും കമ്പനികൾ ഉറപ്പാക്കണം. പകൽ 12 30നും വൈകിട്ട് മൂന്നിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാൻ പാടുള്ളതല്ല. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത് മന്ത്രാലയത്തെ അറിയിക്കുകയും ഇതിനായി പ്രത്യേക അനുമതി വാങ്ങിക്കുകയും ചെയ്യേണ്ടതാണ്. ഈ കാലയളവിൽ തൊഴിലാളികളെ അവരുടെ ദൈനംദിന ജോലി സമയം അറിയിക്കുന്ന വ്യക്തമായ ഷെഡ്യൂൾ തൊഴിലുടമകൾ പോസ്റ്റ് ചെയ്യണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.മൊത്തം ജോലി സമയം എട്ടുമണിക്കൂറിൽ കൂടരുതെന്നാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. അധികസമയം ആവശ്യമെങ്കിൽ തൊഴിലാളികൾക്ക് ഓവർടൈം ജോലി ചെയ്യുന്നതിന് അധികതുക നൽകണം. മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാത്ത കമ്പനികൾക്ക് പിഴക്കു പുറമേ തരംതാഴ്ത്തൽ നടപടികളും ഉണ്ടാകും.