ദുബായ് > ലോക കേരളസഭയുടെ അമേരിക്കൻ റീജിയണൽ സമ്മേളനം കഴിഞ്ഞു മുഖ്യമന്ത്രിയും സംഘവും ജൂൺ 17 നു യു എ ഇ യിൽ എത്തും. ജൂൺ 18ന് കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിനു കീഴിൽ ദുബായിൽ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മണിക്ക് ബിസിനസ് ബേയിലുള്ള താജ് ഹോട്ടലിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
എൻആർഐ കമ്മ്യൂണിറ്റിയിൽ നിന്നുള്ള സംരംഭകർക്ക് ഒത്തുചേരാനും നെറ്റ്വർക്ക് ചെയ്യാനും ആശയങ്ങൾ രൂപപ്പെടുത്താനും കേരളത്തിൽ പുതിയ സംരംഭങ്ങൾ സ്ഥാപിക്കാനും ഉതകുന്ന വിധത്തിൽ കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും ഒരു പ്രധാന പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ. കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്കുള്ള ലോഞ്ച്പാഡും സഹപ്രവർത്തക ഇടമായും ഇത് പ്രവർത്തിക്കും. കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്നതിനും സംസ്ഥാനത്തിന്റെ ഐടി പദ്ധതികളിലേക്കുള്ള ഫണ്ടിംഗിന്റെയും നിക്ഷേപത്തിന്റെയും അളവ് വർദ്ധിപ്പിക്കുന്നതിനും എൻആർഐ ഫണ്ടിംഗ് നെറ്റ്വർക്കുകൾ സൃഷ്ടിക്കാനും ഇതു വഴി പദ്ധതിയിടുന്നുണ്ട്.
അമേരിക്കയിൽ സംഘടിപ്പിച്ച ലോക കേരള സഭ റീജിയണൽ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തുപകരുന്ന ഒട്ടേറെ ചർച്ചകളാണ് വിവിധ സ്ഥാപനങ്ങളുമായി നടത്തിയത്. അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായി ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് എന്നീ മേഖലകളിൽ കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചർച്ച ചെയ്തു. വരുന്ന സെപ്തംബറിനകം ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം കേരളം സന്ദർശിക്കാനും സാധ്യതയുണ്ട്.
ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന ബി യർദെയുമായി വാഷിങ്ടണിൽ നടന്ന കൂടിക്കാഴ്ച്ചയുടെ ഭാഗമായി കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതർ പറയുകയുണ്ടായി. നിലവിൽ ലോകബാങ്കിന്റെ സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വാഷിംഗ്ടൺ ഡി.സിയിൽ ലോക ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്.
മുഖ്യമന്ത്രിയുടെ ക്യൂബൻ സന്ദർശനവും ഏറെ ഫലപ്രദമായിരുന്നു. അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് ലഭ്യമാക്കൽ, വോളിബോൾ, ജൂഡോ, ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങൾ എന്നിവയിൽ കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരൽ, കേരളവും ക്യൂബയും തമ്മിൽ ഓൺലൈൻ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യത തേടൽ, ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങൾക്കായി അയയ്ക്കൽ തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി ക്യൂബൻ അധികാരികളുമായി ചർച്ച ചെയ്തു.
ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധതയും ക്യൂബയിലെ ആരോഗ്യരംത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സാധ്യമായി. അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കുന്നതിൽ ക്യൂബൻ ബയോടെക്നോളജിയും ഫാർമസ്യൂട്ടിക്കൽസും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ രംഗത്തെ സഹകരണം വലിയ മാറ്റങ്ങളാണ് കേരളത്തിൽ സൃഷ്ടിക്കുക. ആരോഗ്യ- അനുബന്ധ മേഖകളിൽ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാർമയുമായി (BioCubaFarma) സഹകരിച്ച് കേരളത്തിൽ ഒരു വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താൽപര്യവും അറിയിച്ചു.
ബയോക്യൂബഫാർമ പ്രസിഡന്റ് എഡ്വാർഡോ മാർട്ടിനെസ് ഡിയസ്, നാഷണൽ സെന്റർ ഫോർ ന്യൂറോ സയൻസസ് (CNEURO) ഡയറക്ടർ ജനറൽ ഡോ. മിച്ചൽ വാൽഡെസ് സോസ, സെന്റർ ഫോർ മോളിക്യുലാർ ഇമ്മ്യൂണോളജി (CIM) ഡയറക്ടർ ജനറൽ എഡ്വാർഡോ ഒജിറ്റോ മാഗസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാലുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായി കായികം, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുവാനുള്ള സന്നദ്ധതയും ക്യൂബൻ പ്രസിഡന്റ് അറിയിച്ചു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ സർവകലാശാലകൾ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടികളുമായി കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകളെ സംബന്ധിച്ചും ക്യൂബൻ മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും പ്രസിഡൻറ് പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന അടുത്ത അവസരത്തിൽ കേരളം സന്ദർശിക്കുമെന്നും ക്യൂബൻ പ്രസിഡന്റ് മുഖ്യമന്ത്രിക്ക് വാക്കു നൽകി.