ചെന്നൈ
ഇഡി അറസ്റ്റുചെയ്ത തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. സെന്തിൽ ബാലാജിയുടെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഇതേതുടർന്ന് ചൈന്നൈയിലെ കാവേരി ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റി. മന്ത്രിയുടെ ആരോഗ്യം സംബന്ധിച്ച് സർക്കാർ ആശുപത്രിയിലെ റിപ്പോർട്ട് വിശ്വാസ്യയോഗ്യമല്ലെന്ന ഇഡി വാദം ഡിവിഷന്ബെഞ്ച് പരിഗണിച്ചില്ല. ഇഡി കസ്റ്റഡിയില് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട സെന്തിലിന് ഹൃദയധമനികളിൽ രണ്ടിടത്ത് ബ്ലോക്കുണ്ടെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നുമാണ് ഡോക്ടർമാരുടെ നിർദേശം.
നടപടി ക്രമങ്ങൾ പാലിച്ചല്ല ഇഡി സെന്തിലിനെ അറസ്റ്റുചെയ്തതെന്ന് ഭാര്യ കോടതിയില് വാദിച്ചു. ഹർജി 29ന് കൂടുതൽ വാദം കേൾക്കും. സ്വകാര്യ ആശുപത്രിയിലും മന്ത്രി ജുഡീഷ്യല് കസ്റ്റഡിയില് തുടരും. ഇഡിക്ക് താൽപ്പര്യമുള്ള ഡോക്ടർമാരെക്കൊണ്ട് പരിശോധിപ്പിച്ച് മന്ത്രിയുടെ ആരോഗ്യസ്ഥിതി ഇഡിക്ക് വിലയിരുത്താമെന്നും കോടതി നിര്ദേശിച്ചു.
സെന്തിൽ ബാലാജി നിലവിൽ ചെന്നൈ ഓമന്തുരാർ സർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. സെന്തിൽ ബാലാജി കൈകാര്യംചെയ്ത വകുപ്പുകളുടെ ചുമതല മറ്റ് രണ്ട് മന്ത്രിമാർക്ക് കൈമാറാൻ മുഖ്യമന്ത്രി സ്റ്റാലിൻ ശുപാർശനൽകി . വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരശിനും എക്സൈസ് വകുപ്പിന്റെ ചുമതല ഭവനമന്ത്രി എസ് മുത്തുസാമിക്കും കെെമാറാനായിരുന്നു നിർദേശം. എന്നാൽ മുഖ്യമന്ത്രി യുടെ ശുപാർശ ഗവർണർ ആർ എൻ രവി തള്ളി .