ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത ഗുസ്തിതാരമടക്കം ഏഴുപേരെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ദുർബല കുറ്റപത്രവുമായി ഡൽഹി പൊലീസ്. പ്രായപൂർത്തിയായ ആറുതാരങ്ങളുടെ പരാതിയിൽ റോസ് അവന്യൂ കോടതിയിൽ 1082 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത താരത്തിന്റെ പോക്സോ പരാതിയിൽ തെളിവില്ലെന്നും അതിനാൽ വകുപ്പ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പട്യാലക്കോടതിയിൽ 552 പേജുള്ള അപേക്ഷയും നൽകി. ഇതോടെ കേസ് ദുർബലപ്പെടുത്താനുള്ള ഇടപെടലാണ് കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ് നടത്തുന്നതെന്ന് തെളിഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ, പിന്തുടരൽ, ക്രിമിനൽ ഭീഷണി വകുപ്പുകളാണ് റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ പറഞ്ഞു. ബ്രിജ്ഭൂഷണിന്റെ വിശ്വസ്തനും ഫെഡറേഷൻ അസി. സെക്രട്ടറിയുമായ വിനോദ് തോമറിനെതിരെ പ്രേരണ, ക്രിമിനൽ ഭീഷണി വകുപ്പുകളും ചുമത്തി. അറസ്റ്റ് നിർബന്ധമല്ലാത്ത വകുപ്പുകളിൽ മൂന്നുവർഷം മാത്രമാണ് തടവ് ശിക്ഷ. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് ദീപക് കുമാർ 22ന് കുറ്റപത്രം പരിഗണിക്കും. പോക്സോ ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് കുറഞ്ഞത് ഇരുപത് വർഷം തടവ് ലഭിക്കുമായിരുന്നു.
ഭീഷണിക്കും സമ്മർദത്തിനും അടിപ്പെട്ടാണ് പ്രായപൂർത്തിയാകാത്ത താരം മൊഴിമാറ്റിയതെന്ന ആക്ഷേപം നിലനിൽക്കെയാണ് പോക്സോ ഒഴിവാക്കാനുള്ള അപേക്ഷ. കുട്ടിയുടെ പിതാവ് പരാതി പിൻവലിച്ചെന്നാണ് ന്യായം. ചാംപ്യൻഷിപ്പുകളിൽ വേർതിരിവ് കാട്ടിയതിന്റെ രോഷത്തിലാണ് പരാതി നൽകിയതെന്ന് പിതാവ് സമ്മതിച്ചെന്നും പൊലീസ് അവകാശപ്പെട്ടു. ഇതിൽ ജൂലൈ നാലിന് പട്യാല കോടതി വാദം കേൾക്കും.
അഞ്ച് വിദേശ രാജ്യ ഫെഡറേഷനുകളോട് സിസിടിവി ദൃശ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വിദേശത്തും സ്വദേശത്തും ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയരായെന്ന് താരങ്ങൾ രഹസ്യമൊഴി നൽകിയിരുന്നു. സുപ്രീംകോടതി ഇടപെടലിൽ മാത്രമാണ് ഏപ്രിൽ 28ന് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ സമരം ശക്തമാക്കിയ താരങ്ങളുമായി കായികമന്ത്രി അനുരാഗ് ഠാക്കൂർ നടത്തിയ ചർച്ചയെ തുടർന്നാണ് വ്യാഴാഴ്ച കുറ്റപത്രം സമർപ്പിച്ചത്.