ന്യൂഡൽഹി
സിബിഐയെയും എൻഐഎയെയും ആദായനികുതിവകുപ്പിനെയുമെല്ലാം കടത്തിവെട്ടി മോദി സർക്കാരിന്റെ പ്രിയവേട്ടയാടൽ ഏജൻസിയായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡി വേട്ടയാടുന്നവരിൽ 95 ശതമാനവും പ്രതിപക്ഷ പാർടിനേതാക്കള്. 121 രാഷ്ട്രീയനേതാക്കളാണ് ഇഡിയുടെ അന്വേഷണപരിധിയിലുള്ളത്. ഇതിൽ അറസ്റ്റിനും റെയ്ഡിനും ചോദ്യംചെയ്യലിനുമൊക്കെ വിധേയരായ 115 പേരും പ്രതിപക്ഷത്തുള്ളവര്. രാഷ്ട്രീയ നേതാക്കൾക്കെതിരായി ചുമത്തിയ കേസുകളിൽ 85 ശതമാനവും പ്രതിപക്ഷത്തുള്ളവര്ക്കെതിരെ.
2019ൽ മണിബിൽ രൂപത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൽ മോദി സർക്കാർ കൊണ്ടുവന്ന ഭേദഗതിയോടെയാണ് പ്രതിപക്ഷ പാർടി നേതാക്കളെ ഇഡിയെക്കൊണ്ട് വേട്ടയാടിക്കുന്നതിന് വേഗം കൈവരിച്ചത്. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്താനും അറസ്റ്റിനും റെയ്ഡിനുമെല്ലാം ഇഡിക്ക് ഇതോടെ അമിതാധികാരം ലഭിച്ചു. നിരപരാധിയെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഇരയ്ക്കു മേലെ ചാർത്തപ്പെട്ടു. ഇഡി കേസിൽ കുടുങ്ങിയാൽ ജാമ്യം അസാധ്യമാകുന്ന നിലയിലേക്കും കാര്യങ്ങൾ എത്തി.
കള്ളപ്പണം തടയൽ നിയമം നിലവിൽ വന്നശേഷം 17 വർഷത്തിനിടെ ഇഡി എടുത്ത ആറായിരത്തോളം കേസിൽ തീർപ്പുണ്ടായത് 25 കേസിൽ മാത്രം. ആകെ എടുത്ത കേസുകളു ടെ 0.42 ശതമാനംമാത്രം. രാഷ്ട്രീയ എതിരാളികളെ ജാമ്യമില്ലാതെ പരമാവധി ജയിലിൽ അടയ്ക്കുന്നതിൽ മാത്രമാണ് ഇഡിക്ക് ഹരം.
പ്രതിപക്ഷ പാർടി നേതാക്കളെ കുടുക്കുന്ന ഇഡി, അവര് ബിജെപിയിലേക്ക് മാറിയാൽ നിലപാട് മാറ്റും. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയും കേന്ദ്രമന്ത്രി നാരായൺ റാണെയും ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമൊക്കെ ഉദാഹരണം.