കൊൽക്കത്ത
പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ചയും വ്യാപക ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്. വിവിധ അക്രമസംഭവങ്ങളിൽ രണ്ട് സിപിഐ എം പ്രവർത്തകർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്), തൃണമൂൽ പ്രവർത്തകരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
നൂറുകണക്കിനുപേർക്ക് പരിക്കേറ്റു. പലയിടത്തും എതിർ സ്ഥാനാർഥികളെ തട്ടിക്കൊണ്ടുപോയി. മിക്കയിടത്തും പൊലീസ് നിഷ്ക്രിയരായി നോക്കിനിന്നു. പത്രിക സമർപ്പിക്കുന്ന ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകൾക്ക് ഒരു കിലോമീറ്റർ അകലെവരെ നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും അതെല്ലാം ലംഘിച്ചായിരുന്നു തൃണമൂലുകാരുടെ അഴിഞ്ഞാട്ടം.
ഉത്തര ദിനാജ്പുർ ജില്ലയിൽ നടന്ന ആക്രമണത്തിലാണ് സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ടത്. പത്രിക സമർപ്പിക്കാൻ സ്ഥാനാർഥികളെ ആനയിച്ച് ബിഡിഒ ഓഫീസിലേക്ക് ഇടതുമുന്നണി പ്രവർത്തകർ നയിച്ച ജാഥയിലേക്ക് തൃണമൂലുകാർ ബോംബ് എറിയുകയും വെടിവയ്ക്കുകയും ചെയ്തു. സ്ഥാനാർഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഐഎസ്എഫ്, തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിച്ചതിനുശേഷം ഇതുവരെ അഞ്ചുപേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
ആക്രമണത്തിലും സുരക്ഷാവീഴ്ചയിലും പ്രതിഷേധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പുകമീഷൻ ഓഫീസിനു മുന്നിൽ ഇടതുമുന്നണി നേതൃത്വത്തിൽ റാലി നടത്തി. കമീഷൻ ഭരണകക്ഷിയുടെ ഏജന്റായാണ് പ്രവർത്തിക്കുന്നതെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൽ ബസു പറഞ്ഞു. സുരക്ഷ മുൻനിർത്തി സംസ്ഥാനത്തെ മുഴുവന് ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചു.















