ന്യൂഡല്ഹി
അറബിക്കടലില് രൂപപ്പെട്ട ബിപര്ജോയ് അതിതീവ്ര ചുഴലിക്കാറ്റ് ഗുജറാത്ത് തീരംതൊട്ടു. വൈകിട്ട് ആറരയോടെ 50 മുതല് 60 കിലോമീറ്റര് ശക്തിയിലാണ് ബിപര്ജോയ് കരയിലെത്തിയത്. ചുഴലിക്കാറ്റിനേത്തുടർന്ന് പലയിടത്തും വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വൈദ്യുതി പോസ്റ്റുകൾ പരക്കെ നിലംപൊത്തി. 16 ഗ്രാമങ്ങളിൽ വൈദ്യുതി നിലച്ചു. സംസ്ഥാനത്ത് പൊതുഗതാഗതം നിര്ത്തിവച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിര്ദേശമുണ്ട്. കച്ച്, ജാംനാനഗര്, മോര്ബി തുടങ്ങിയ പ്രദേശങ്ങളില് മഴ ശക്തമാണ്.
ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ഗാന്ധിനഗറില് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയില് സുരക്ഷ വിലയിരുത്താൻ യോഗം ചേർന്നു. തീരപ്രദേശത്തുനിന്ന് ഒരു ലക്ഷത്തോളം പേരെ താല്ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്പ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്ത്തനങ്ങള്ക്കായി ദുരന്തനിവാരണ യൂണിറ്റുകളും സജ്ജമാണ്. എൻഡിആർഎഫിന്റെ 18 സംഘത്തെയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 12 സംഘത്തെയും വൈദ്യുതി വകുപ്പിന്റെ 397 പേരെയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
ഉള്പ്രദേശങ്ങളിലേക്ക് കടക്കുമ്പോള് കാറ്റിന്റെ വേഗം 115 മുതല് 125 കിലോമീറ്റര്വരെയാകാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മേധാവി എം മൊഹപത്ര പറഞ്ഞു. 2021 മേയിലെ തൗക്-തേക്കുശേഷം ഗുജറാത്തിൽ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റാണിത്.















