തിരുവനന്തപുരം
ഒരാഴ്ചയ്ക്കുമുമ്പ് രൂപപ്പെട്ട ‘ബിപർജോയ്’ ചുഴലിക്കാറ്റിന് കരുത്തുനൽകിയത് അറബിക്കടലിലെ അനുകൂല സാഹചര്യം. ആദ്യഘട്ടത്തിൽ കാലാവസ്ഥാ ശാസ്ത്രജ്ഞരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും തുടർന്ന് ചുഴലിക്കാറ്റിന്റെ പാത കൃത്യമായി പ്രവചിക്കാനായി. മെയ് അവസാനംമുതൽ അറബിക്കടലിന്റെ ഉപരിതല താപനില ഉയർന്ന നിലയിലായിരുന്നു. ഇത് 31– -32 ഡിഗ്രി സെൽഷ്യസുവരെ എത്തിയതാണ് ചുഴലിക്കാറ്റിന്റെ രൂപീകരണത്തിനും തീവ്രതയ്ക്കും കാരണമായത്.
ജൂൺ തുടക്കത്തിൽ മധ്യ അറബിക്കടലിൽ തെക്ക്–- കിഴക്ക് ന്യൂനമർദമേഖല രൂപപ്പെട്ടിരുന്നു. അഞ്ചിന് അതിതീവ്ര ന്യൂനമർദമായും ആറിന് ചുഴലിക്കാറ്റായും മാറി. ഒമ്പതിനും 10നും ഇടയിൽ അതിതീവ്രമായി. ഇത് വടക്ക്–- പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒമാൻ തീരത്തേക്ക് പോകുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, വടക്ക്–- കിഴക്ക് ദിശയിൽ വേഗം കുറഞ്ഞായി സഞ്ചാരം.
കാറ്റഗറി ഒന്നിൽപ്പെടുന്ന ‘ബിപർജോയ്’ കൂടുതൽ ദിവസം കടലിൽ നിലകൊണ്ട ചുഴലിക്കാറ്റുകളുടെ പട്ടികയിലേക്ക് എത്തുകയാണ്. 2019ൽ ആഞ്ഞടിച്ച ക്യാർ ചുഴലിക്കാറ്റ് ഒമ്പതു ദിവസവും 15 മണിക്കൂറും നിലകൊണ്ടശേഷമാണ് കരകയറിയത്. 1998 ജൂണിൽ ഉണ്ടായ സൂപ്പർ സൈക്ലോൺ ഗുജറാത്ത് മേഖലയിൽ വൻ ആൾനാശമുണ്ടാക്കി. 2019 ജൂൺ 13ന് വായു ചുഴലിക്കാറ്റും സൗരാഷ്ട്ര മേഖലയിൽ നാശംവരുത്തി. ബിപർജോയിയുടെ രൂപീകരണം തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റിനെ സ്വാധീനിച്ചു. കാലവർഷം എത്തുന്നത് വൈകാനും കേരളത്തിൽ ദുർബലമാകാനും കാരണമായി.