ദമ്മാം > കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘എഞ്ചിനീയേഴ്സ് സമ്മിറ്റ് 2023’ എന്ന പേരിൽ ഉദ്ഘാടന പരിപാടി ദമ്മാം റോസ് ഗാർഡൻ റസ്റ്റോറന്റിൽ ജൂൺ 16 ഉച്ചക്ക് നടക്കും. ഖോനൈനി പ്രോജക്ട്സ് ഡയറക്ടർ സമീൽ ഹാരിസ്, ഓറിയോൺ എഡ്ജ് സിഇഒ റഷീദ് ഉമർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
ജിദ്ദ കേന്ദ്രീകരിച്ച് 1998ൽ രൂപംകൊണ്ട മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മ കേരള എൻജിനിയേർസ് ഫോറം (KEF) പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം റിയാദിലും ഇപ്പോൾ ദമ്മാമിലും ചാപ്റ്ററുകൾ രൂപീകരിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന കെഇഫിന് ടെക്നിക്കൽ ഇൻഫർമേഷൻ ഷെയറിങ്, പ്ലേസ്മെന്റ് സെല്ല്, കലാ-കായിക പോഷണം, സോഷ്യൽ ഗാതറിങ് തുടങ്ങിയവയാണ് ലക്ഷ്യം. സൗദി അറേബ്യയുടെ പുരോഗമന ഭാവി വളരെ പ്രതീക്ഷ നൽകുന്നതായും അതിനെ കൃത്യമായി ഉപയോഗപ്പെടുത്തുവാൻ പുതുതായി വരുന്ന എഞ്ചിനീയർമാരെ ബോധവൽക്കരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.
ജൂൺ 16 ന് നടക്കുന്ന മീറ്റിൽ കെ ഇ ഫ് ദമ്മാം എക്സിക്യൂട്ടീവ് ജനറൽ ബോഡി തിരഞ്ഞെടുപ്പ് നടക്കും. വാർത്താ സമ്മേളനത്തിൽ അഫ്താബ് റഹ്മാൻ, മുഹമ്മദ് ഷഫീഖ്, ഫസീല സുബൈർ, സയ്ദ് പനക്കൽ, അബ്ദുൽ ഗഫൂർ, മുഹമ്മദ് അൻസാർ പങ്കെടുത്തു.















