ന്യൂഡൽഹി
രാജ്യത്ത് സംഘപരിവാറിന്റെ ഏകാധിപത്യവാഴ്ച അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 23ന് പട്നയിൽ ചേരുന്ന പ്രതിപക്ഷ പാർടികളുടെ സംയുക്ത യോഗം ഭാവി പ്രവർത്തനങ്ങൾക്കായി പൊതുമിനിമം പരിപാടിക്ക് രൂപം നൽകും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായി പരമാവധി സീറ്റുകളിൽ പ്രതിപക്ഷ പാർടികളുടെ സംയുക്ത സ്ഥാനാർഥിയെന്ന ആശയം യോഗത്തിൽ ഉയരും. ഏതെല്ലാം സീറ്റുകളിൽ ഇത് സാധ്യമാകുമെന്ന ചർച്ചയ്ക്ക് തുടക്കം കുറിക്കും.
ബിഹാറിലെ ഭരണകക്ഷികളായ ജെഡിയുവും ആർജെഡിയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന യോഗത്തിലേക്ക് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം എത്തുന്നുണ്ട്. സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്ത് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, ഹേമന്ത് സൊറൻ, എം കെ സ്റ്റാലിൻ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ശരദ് പവാർ, ഉദ്ധവ് താക്കറെ, ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ യോഗത്തിനെത്തും.
പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് യോഗത്തിൽ ചർച്ചയുണ്ടാകില്ലെന്ന് ജെഡിയു–- ആർജെഡി വൃത്തങ്ങൾ വ്യക്തമാക്കി. ബിജെപിക്കെതിരായി യോജിച്ചുള്ള പ്രവർത്തനത്തെക്കുറിച്ചും ഏറ്റെടുക്കേണ്ട വിഷയങ്ങളും ചർച്ച ചെയ്യും. വിലക്കയറ്റം, തൊഴിലില്ലായ്മ, സർക്കാരിന്റെ വീഴ്ചകൾ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ഫെഡറൽ തത്വങ്ങളുടെ ലംഘനം, വർഗീയ ധ്രുവീകരണം, ഏകാധിപത്യപ്രവണതകൾ, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സജവീമായി ഉയർത്താനും ധാരണയാകും. ശരദ് പവാറാകും പൊതുമിനിമം പരിപാടി അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്.
പ്രതിപക്ഷ പാർടികളിൽ ബിആർഎസ്, ബിഎസ്പി, ബിജെഡി തുടങ്ങിയ പാർടികൾ പട്ന യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. കോൺഗ്രസുമായി സഹകരിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് ബിആർഎസിനെ അകറ്റിനിർത്തുന്നത്.















