ന്യൂഡൽഹി
തെരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ അട്ടിമറിച്ച് കേന്ദ്രം കൊണ്ടുവന്ന സർവീസസ് ഓർഡിനൻസിനെതിരായ പോരാട്ടത്തിൽ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐയും. പാർടി ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി സിപിഐ ജനറൽ സെക്രട്ടി ഡി രാജ കൂടിക്കാഴ്ച നടത്തി. ശേഷം ഇരു നേതാക്കളും ഒരുമിച്ച് വാർത്താസമ്മേളനം നടത്തി. ഫെഡറൽ തത്വങ്ങൾക്ക് എതിരായ ക്രൂരമായ ആക്രമണമാണ് ഓർഡിനൻസ് എന്നും രാജ്യസഭയിൽ ഇതിന് എതിരായി വോട്ട് ചെയ്യുമെന്നും രാജ പറഞ്ഞു.
ഇരുപത്തിമൂന്നിന് പട്നയിൽ നടക്കുന്ന വിശാല പ്രതിപക്ഷ യോഗത്തിന്റെ മുഖ്യ അജൻഡയായി വിഷയം ഉൾപ്പെടുത്തുമെന്നു പറഞ്ഞ കെജ്രിവാൾ, സമാന സാഹചര്യം ഭാവിയിൽ മറ്റു സംസ്ഥാനങ്ങൾക്കും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ആവർത്തിച്ചു. എഎപി എംപിമാരായ രാഘവ് ചദ്ദ, സഞ്ജയ് സിങ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.















