ന്യൂഡൽഹി
സമരം ചെയ്യുന്ന താരങ്ങൾ നിലപാട് കടുപ്പിച്ചതോടെ ജൂലൈ ആദ്യവാരം നടക്കുന്ന ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണിന്റെ ബന്ധുക്കളോ സഹായികളോ മത്സരിക്കില്ലന്ന് ഉറപ്പായി. നിയമപ്രകാരം ഇത്തവണ മത്സരിക്കാൻ കഴിയില്ലെങ്കിലും ബന്ധുക്കളെ ഉപയോഗിച്ച് ഫെഡറേഷൻ തുടർന്നും കൈപ്പിടിയിലാക്കാനുള്ള ബ്രിജ് ഭൂഷണിന്റെ ശ്രമങ്ങൾ ഇതോടെ അവസാനിച്ചു.
കേന്ദ്ര കായികമന്ത്രിയുമായി ഏഴിന് നടത്തിയ ചർച്ചയിൽ ബ്രിജ് ഭൂഷണിന്റെ ബന്ധുക്കളെയോ വേണ്ടപ്പെട്ടവരെയോ മത്സരിക്കാൻ അനുവദിക്കരുതെന്ന് സാക്ഷി മലിക്കും ബജ്റംഗ് പൂനിയയും അടക്കമുള്ള താരങ്ങൾ ശക്തമായി ആവശ്യപ്പട്ടിരുന്നു. 25 സംസ്ഥാന ഫെഡറേഷനുകളിൽ ഭൂരിഭാഗവും ബ്രിജ് ഭൂഷണിനോട് കൂറുപുലർത്തുന്നവരാണ്. അതേസമയം, ഹരിയാന ബിജെപി അധ്യക്ഷൻ ഓം പ്രകാശ് ധൻഖർ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു.















