കൊച്ചി
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മോൻസൺ മാവുങ്കലിൽനിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് താൻ നേരിട്ട് കണ്ടെന്ന് മോൻസണിന്റെ മുൻ ഡ്രൈവർ അജിത്. സുധാകരന്റെ അടുത്ത അനുയായിയായ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിന്റെ അക്കൗണ്ടിലേക്കും മോൻസൺ പണം കൈമാറി. കലൂരിലെ മോൻസണിന്റെ താമസസ്ഥലത്ത് സുധാകരൻ എത്തിയത് അദ്ദേഹം അവകാശപ്പെടുന്നതുപോലെ ചികിത്സയ്ക്കായിരുന്നില്ലെന്നും അജിത് പറഞ്ഞു. മോൻസൺ ഒന്നാംപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പുകേസിൽ സുധാകരനെ രണ്ടാംപ്രതിയാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് മുൻ ഡ്രൈവറുടെ ഗുരുതര വെളിപ്പെടുത്തൽ.
കണ്ണിനുണ്ടായ രോഗം ചികിത്സിക്കാനാണ് മോൻസണിന്റെ അടുത്തുപോയതെന്നും ആരിൽനിന്നും പണം വാങ്ങിയിട്ടില്ലെന്നുമാണ് കെ സുധാകരൻ പറയുന്നത്. ഇത് പച്ചക്കള്ളമാണെന്ന് അജിത് പറഞ്ഞു. സുധാകരനും മോൻസണും തമ്മിൽ വർഷങ്ങളായി അടുത്ത ബന്ധമുണ്ട്. മോൻസണിന്റെ അടുത്ത് ചികിത്സയ്ക്ക് പോയതല്ല. സുധാകരന്റെ അടുത്ത അനുയായി എബിൻ എബ്രഹാമിനും മോൻസൺ പണം കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച ബാങ്ക് രേഖകൾ ഉൾപ്പെടെ ഇഡിക്കും ക്രൈബ്രാഞ്ചിനും കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള മോൻസന്റെ കഴിഞ്ഞ ദിവസത്തെ പരാമർശം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ്. ഇനിയും പുറത്തുപറയാത്ത നിർണായകമായ പല വിവരങ്ങളും തെളിവുകളും ക്രൈംബ്രാഞ്ചിന് നൽകിയിട്ടുണ്ടെന്നും 10 വർഷത്തോളം മോൻസണിന്റെ ഡ്രൈവറായിരുന്ന അജിത് പറഞ്ഞു.
സുധാകരന് വീണ്ടും നോട്ടീസ്; 23ന് ഹാജരാകണം
പുരാവസ്തു തട്ടിപ്പുകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. മോൻസൺ മാവുങ്കൽ ഒന്നാംപ്രതിയായ കേസിൽ രണ്ടാംപ്രതിയാണ് സുധാകരൻ. ബുധനാഴ്ച എത്താൻ അസൗകര്യമറിയിച്ചതിനാൽ 23-ന് ഹാജരാകാനാണ് നിർദേശം. ഹാജരായില്ലെങ്കിൽ അറസ്റ്റിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.















