മുംബൈ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ തോൽവിയോടെ രോഹിത് ശർമയുടെ ക്യാപ്റ്റൻസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ച സജീവമായി. നിലനിൽപ്പിന് വിൻഡീസിൽ പരമ്പര നേടിയാൽമാത്രം പോര ബാറ്റിങ്ങിലും തിളങ്ങണം. ബാറ്റിങ്ങിനെയും കളത്തിൽ എടുക്കുന്ന തീരുമാനങ്ങളെയും പ്രായം ബാധിച്ചുതുടങ്ങിയോയെന്നാണ് സംശയം.
വിൻഡീസിൽ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണുള്ളത്. അടുത്ത രണ്ട് വർഷം ഇന്ത്യക്ക് 19 ടെസ്റ്റാണ് കളിക്കാനുള്ളത്. വിൻഡീസ് പര്യടനം കഴിഞ്ഞാൽ അടുത്ത യാത്ര ഡിസംബറിൽ ദക്ഷിണാഫ്രിക്കയിലേക്കാണ്. അപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കണട്രോൾ ബോർഡിന് തീരുമാനം എടുക്കാൻ ധാരാളം സമയമുണ്ട്. ഒക്ടോബറിൽ ഏകദിന ലോകകപ്പാണ്. അതിൽ രോഹിത് ശർമയാകും ക്യാപ്റ്റൻ.
കഴിഞ്ഞവർഷം വിരാട് കോഹ്ലിയിൽനിന്ന് ടെസ്റ്റ് ക്യാപ്റ്റൻസ്ഥാനം ഏറ്റെടുത്തശേഷം രോഹിതിന്റെ ബാറ്റിങ് താഴേക്കുപോയി. ഏഴ് ടെസ്റ്റ് നയിച്ചതിൽ നാല് ജയവും രണ്ട് തോൽവിയും. ഏഴ് ടെസ്റ്റിൽ നേടാനായത് 390 റൺ. ശരാശരി 35.45. ഇക്കാലയളവിൽ 10 ടെസ്റ്റിൽ കോഹ്ലിക്ക് 517 റണ്ണുണ്ട്. ടെസ്റ്റ് കളിക്കുന്ന നാല് മുൻനിര താരങ്ങൾക്ക് പ്രായം കൂടിവരുന്നു. രോഹിതിന് 36, കേഹ്ലിക്ക് 34, അജിൻക്യ രഹാനെക്കും ചേതേശ്വർ പൂജാരയ്ക്കും 35. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ 2025ലാണ്.
വിൻഡീസ് പര്യടനത്തിനുശേഷം രോഹിതിന്റെ നായകസ്ഥാനവും ബാറ്റിങ് പ്രകടനവും വിലയിരുത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. കോഹ്ലിയെ ക്യാപ്റ്റൻസ്ഥാനത്ത് തിരിച്ചുകൊണ്ടുവരണമെന്ന വാദമുണ്ട്. രഹാനെ പരഗണിക്കപ്പെടുന്ന പ്രമുഖനാണ്. മുമ്പ് സജീവമായിരുന്ന കെ എൽ രാഹുലിന്റെ പേര് ഇപ്പോൾ കേൾക്കാനില്ല. പുതിയ തലമുറയെ പരിഗണിച്ചാൽ 23 വയസ്സുള്ള ശുഭ്മാൻ ഗില്ലിന് നറുക്ക് വീഴാം. എന്നാൽ, ടെസ്റ്റിൽ പരിചയസമ്പത്തിന് മുൻതൂക്കം നൽകാനാണ് സാധ്യത. ലോകകപ്പിനുശേഷം ഏകദിനത്തിന്റെയും ട്വന്റി 20യുടെയും നായകസ്ഥാനം ഹാർദിക് പാണ്ഡ്യയിൽ സ്ഥിരപ്പെടുത്താനാണ് സാധ്യത. ഏത് സാഹചര്യത്തിലും വിൻഡീസ് പര്യടനം രോഹിതിനും ഇന്ത്യൻ ടീമിനും നിർണായകമാണ്.















