ഭുവനേശ്വർ
ലോക ഒന്നാംറാങ്കുകാരൻ നീരജ് ചോപ്ര ഒഴികെയുള്ള ഇന്ത്യൻ അത്ലീറ്റുകളുടെ സംഗമഭൂമിയാകും കലിംഗ സ്റ്റേഡിയം. ഇന്നുമുതൽ അഞ്ചുദിവസം ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക് മീറ്റാണ്. ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതാ ചാമ്പ്യൻഷിപ്പായതിനാൽ രാജ്യത്തെ മുൻനിര താരങ്ങളെല്ലാം അണിനിരക്കുന്നു.
ജാവലിൻത്രോയിലെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര പരിക്കുമൂലം മീറ്റിനെത്തില്ല. ഈ സീസണിൽ ദോഹ ഡയമണ്ട് ലീഗിൽ സ്വർണമണിഞ്ഞശേഷം തുർക്കിയിൽ പരിശീലനത്തിലാണ്. അതിനിടെ പരിക്കേറ്റതിനാൽ ഈ മാസം പങ്കെടുക്കേണ്ട രണ്ട് രാജ്യാന്തര മീറ്റുകൾ ഒഴിവാക്കി. നീരജിന്റെ അഭാവത്തിൽ മലയാളി ലോങ്ജമ്പ് താരം എം ശ്രീശങ്കറാണ് മീറ്റിലെ ശ്രദ്ധേയമായ താരം. പാരിസ് ഡയമണ്ട് ലീഗിൽ മൂന്നാംസ്ഥാനം നേടിയാണ് ഭുവനേശ്വറിലെത്തുന്നത്. ലോങ്ജമ്പിലെ ദേശീയ റെക്കോഡുകാരൻ ജസ്വിൻ ആൽഡ്രിനുമായുള്ള പോരാട്ടം കനക്കും. സ്റ്റീപ്പിൾചേസ് താരം അവിനാഷ് സാബ്ലേ, ഹിമാദാസ്, ദ്യുതി ചന്ദ് എന്നിവരും മീറ്റിനില്ല. സാബ്ലേക്കും ഹിമയ്ക്കും പരിക്കാണ്. ദ്യുതി ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു. പുരുഷവിഭാഗത്തിൽ ജിൻസൺ ജോൺസൺ (1500 മീറ്റർ), രജീന്ദർപാൽ സിങ് ടൂർ (ഷോട്ട്പുട്ട്), അംലൻ ബാർഗോഹെയ്ൻ (200 മീറ്റർ), എൽദോസ് പോൾ (ട്രിപ്പിൾജമ്പ്) എന്നിവരുണ്ട്. വനിതാവിഭാഗത്തിൽ ഒട്ടുമിക്ക പ്രമുഖരുമുണ്ട്. ഒളിമ്പ്യൻ ജാവലിൻത്രോ താരം അന്നുറാണിയാണ് അതിൽ പ്രധാനി. ജ്യോതി യാരാജി (100, 100 മീറ്റർ ഹർഡിൽസ്), പരുൾ ചൗധരി (5000 മീറ്റർ), ശൈലി സിങ് (ലോങ്ജമ്പ്) എന്നിവരുണ്ട്.
പുരുഷന്മാരുടെ ട്രിപ്പിൾജമ്പ് തീപാറുന്ന മത്സരമാകും. ദേശീയ ചാമ്പ്യൻ പ്രവീൺ ചിത്രവേൽ, കോമൺവെൽത്ത് സ്വർണക്കാരൻ എൽദോസ് പോൾ, വെള്ളി നേടിയ അബ്ദുള്ള അബൂബക്കർ എന്നിവർ മത്സരിക്കും. വനിതകളുടെ ലോങ്ജമ്പിൽ മുൻ രാജ്യാന്തര താരം അഞ്ജുവും ബോബി ജോർജും ചേർന്ന് പരിശീലിപ്പിക്കുന്ന ഉത്തർപ്രദേശുകാരി ശൈലിയോട് മത്സരിക്കാൻ കേരളത്തിന്റെ ആൻസി സോജനും നയന ജയിംസുമുണ്ട്. മീറ്റിൽ കേരളം 54 അംഗസംഘത്തെയാണ് അണിനിരത്തുന്നത്. അതിൽ 34 പേർ പുരുഷന്മാരാണ്. വൈ മുഹമ്മദ് അനസ്, വൈ മുഹമ്മദ് അനീസ്, വി മുഹമ്മദ് അജ്മൽ, എം പി ജാബിർ, അബ്ദുള്ള അബൂബക്കർ എന്നിവർ ടീമിലുണ്ട്. വനിതകളിൽ പി യു ചിത്ര, ജിസ്ന മാത്യു, അനു രാഘവൻ, അപർണ റോയി എന്നിവരുമുണ്ട്.
ഹരിയാനയാണ് ഏറ്റവും വലിയ സംഘത്തെ അണിനിരത്തുന്നത്. അവർക്ക് 86 പേരുണ്ട്. തമിഴ്നാടിന് 60 പേരാണ്. ഉത്തർപ്രദേശ്, പഞ്ചാബ് ടീമിൽ 52 പേരുണ്ട്. അതിഥിതാരങ്ങളായി ശ്രീലങ്ക, മാലദ്വീപ് അത്ലീറ്റുകളും മീറ്റിനുണ്ടാകും. ഇന്ന് പുരുഷ–-വനിത വിഭാഗത്തിൽ 20 കിലോമീറ്റർ നടത്തം, 10000 മീറ്റർ ഇനങ്ങളിലാണ് ഫൈനൽ.















