ആംസ്റ്റർഡാം
യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനൽ തേടി കരുത്തരായ ഇറ്റലിയും സ്പെയ്നും നേർക്കുനേർ. നെതർലൻഡ്സിലെ ഡി ഗ്രോൾച് വെസ്തെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.15നാണ് സെമി പോരാട്ടം. രണ്ട് വർഷത്തിനിടെ ഇത് മൂന്നാംതവണയാണ് ഇരുടീമുകളും സെമിയിൽ ഏറ്റുമുട്ടുന്നത്. യൂറോ കപ്പിൽ ഇറ്റലി ഷൂട്ടൗട്ടിൽ ജയിച്ചപ്പോൾ കഴിഞ്ഞ നേഷൻസ് ലീഗിൽ സ്പെയ്ൻ 2–-1ന് പകവീട്ടി.
യൂറോ ചാമ്പ്യൻമാരായശേഷം ലോകകപ്പ് യോഗ്യത നേടാനാകാതെ പോയതിന്റെ നാണക്കേട് ലീഗ് കിരീടനേട്ടത്തോടെ മായ്ക്കാമെന്ന മോഹത്തിലാണ് ഇറ്റലി. ജർമനിയും ഇംഗ്ലണ്ടും ഹംഗറിയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് ചാമ്പ്യൻമാരായാണ് റോബർട്ടോ മാൻസിനിയും സംഘവും സെമിയിൽ കടന്നത്. ഉറച്ച പ്രതിരോധവും മധ്യനിരയിൽ മാർകോ വെറാറ്റി–-ജോർജീന്യോ സഖ്യവുമാണ് ശക്തി. ഗോളടിക്കാൻ പുതിയതാരം മാറ്റിയോ റെറ്റ്ഗുയിലാണ് പ്രതീക്ഷ. അസൂറികൾക്കായി, കളിച്ച രണ്ട് കളിയിലും ഗോളടിച്ചിട്ടുണ്ട് ഈ അർജന്റീന വംശജൻ.
തുടർച്ചയായ രണ്ടാംഫൈനൽ തേടിയാണ് സ്പെയ്ൻ എത്തുന്നത്. ഒപ്പം ലോകകപ്പിലെ മോശം പ്രകടനത്തിന്റെ ക്ഷീണം മാറ്റുകയും വേണം. പുതിയ പരിശീലകൻ ലൂയിസ് ഡെ ലാ ഫുയെന്റെയ്ക്ക് കീഴിലും മങ്ങിയ പ്രകടനമാണ് സ്പാനിഷുകാർ നടത്തുന്നത്. അവസാന കളിയിൽ സ്കോട്ട്ലൻഡിനോട് രണ്ട് ഗോളിന് തോറ്റു. പന്ത് കൂടുതൽ സമയം കാലിൽവച്ചിട്ടും ഗോളടിക്കാനാകുന്നില്ല എന്ന അവസ്ഥ തുടരുകയാണ്. മികച്ച ഗോളടിക്കാരന്റെ അഭാവം വലയ്ക്കുന്നു. ലോകകപ്പോടെ കളംവിട്ട ക്യാപ്റ്റൻകൂടിയായിരുന്ന മധ്യനിരക്കാരൻ സെർജിയോ ബുസ്ക്വെറ്റ്സിന്റെ വിടവ് നികത്താനും കഴിഞ്ഞിട്ടില്ല. സൂപ്പർതാരം പെഡ്രി പരിക്കുകാരണം കളിക്കാത്തതും വലിയ തിരിച്ചടിയാണ്.















