ന്യൂഡൽഹി> തെരെഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ അട്ടിമിച്ച് കേന്ദ്രം കൊണ്ടുവന്ന സർവീസസ് ഓർഡിനൻസിനെതിരെയുള്ള പോരാട്ടത്തിൽ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐയും. പാർടി ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി സിപിഐ ജനറൽ സെക്രട്ടി ഡി രാജ കൂടിക്കാഴ്ച നടത്തി. ശേഷം ഇരുനേതാക്കളും നടത്തിയ വാർത്താസമ്മേളനത്തിൽ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ക്രൂരമായ ആക്രമണമാണ് ഓർഡിനൻസ് എന്ന് വിശേഷിപ്പിച്ച രാജ, രാജ്യസഭയിൽ എതിരായി വോട്ടുചെയ്യുമെന്നും പ്രഖ്യാപിച്ചു.
ഡൽഹിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി നൽകണമെന്നും ഡി രാജ ആവശ്യപ്പെട്ടു. 23ന് പട്നയിൽ നടക്കുന്ന വിശാല പ്രതിപക്ഷ യോഗത്തിന്റെ മുഖ്യഅജണ്ടയായി വിഷയം ഉൾപ്പെടുത്തുമെന്ന് പറഞ്ഞ കെജ്രിവാൾ, സമാന സാഹചര്യം ഭാവിയിൽ മറ്റ് സംസ്ഥാനങ്ങൾക്കും ഉണ്ടാകുമെന്ന മുന്നറിയിപ്പും ആവർത്തിച്ചു. കൂടിക്കാഴ്ചയിൽ എഎപി എംപിമാരായ രാഘവ് രാഘവ് ചദ്ദ, സജ്ഞയ് സിങ് എന്നിവരും പങ്കെടുത്തു.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കെജ്രിവാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചാബ്, ഡൽഹി പിസിസികളുടെ നിലപാടിനെ തുടർന്ന് സുപ്രധാന വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് മൗനം തുടരുകയാണ്.















