ചെന്നൈ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിന് തൊട്ടുപിന്നാലെ തമിഴ്നാട് സെക്രട്ടറിയറ്റടക്കം സംസ്ഥാനത്ത് 20 ഇടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വൈദ്യുതി, എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിക്കെതിരായ അഴിമതിക്കേസിന്റെ പേരിലാണ് ഇഡി നീക്കം. മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതി, സമീപത്തുള്ള സഹോദരൻ അശോക് കുമാറിന്റെ വസതി, കരൂർ രാമേശ്വരംപെട്ടിയിലെ കുടുംബവീട്, ഈറോഡ്, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടന്നു. സെക്രട്ടറിയറ്റിൽ മന്ത്രിയുടെ ഓഫീസിൽ മൂന്നുമണിക്കൂറിലേറെ പരിശോധന തുടർന്നു.
ജയലളിത മുഖ്യമന്ത്രിയായ എഐഎഡിഎംകെ സർക്കാരിൽ 2011– -2015ൽ ഗതാഗതമന്ത്രിയായിരിക്കെ സെന്തിൽ ബാലാജി കോഴവാങ്ങി നിയമനം നടത്തിയെന്നാണ് കേസ്. ട്രാൻസ്പോർട്ട് കോർപറേഷനിൽ ഡ്രൈവർ, കണ്ടക്ടർ നിയമനങ്ങൾക്ക് കോഴവാങ്ങിയെന്ന ഈ കേസ് ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ കൈകാര്യംചെയ്യുന്ന കോടതിയുടെ പരിഗണനയിലാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ടാണ് ഇഡി കേസെടുത്തത്.
ഇഡി നടപടിയോട് പൂർണമായും സഹകരിക്കുമെന്നും ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കുമെന്നും സെന്തിൽ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് നേരിടുന്ന ബിജപി രീതിയുടെ തുടർച്ചയാണിതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. രാഷ്ട്രീയമായി നേരിടാനാകാത്തവരെ പിൻവാതിലിലൂടെ ഭീഷണിപ്പെടുത്തുന്ന തന്ത്രം വിജയിക്കില്ലെന്ന് ബിജെപി നേതൃത്വം മനസ്സിലാക്കണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യമാണ് സെന്തിലിനെതിരായ നടപടിക്കു പിന്നിലെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി പറഞ്ഞു.
ജയലളിതയുടെ മരണത്തെതുടർന്നുണ്ടായ അധികാര വടംവലിക്കു പിന്നാലെയാണ് സെന്തിൽ എഐഎഡിഎംകെ വിട്ടത്. പിന്നാലെ ഡിഎംകെയിലേക്ക് മടങ്ങി. ഡിഎംകെ മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിൽ ഒരാളാണ്. അടുത്തിടെ സെന്തിലുമായി ബന്ധമുള്ള സർക്കാർ കോൺട്രാക്ടർമാരുടെ വസതിയിലും ഓഫീസിലുമായി 40 ഇടത്ത് ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മുമ്പ്, ഒ പനീർശെൽവം മുഖ്യമന്ത്രിയായിരിക്കെ 2016ൽ കേന്ദ്ര ഏജൻസിയായ ആദായനികുതി വകുപ്പ് തമിഴ്നാട് സെക്രട്ടറിയറ്റിൽ ചീഫ് സെക്രട്ടറി രാം മോഹന് റാവുവിന്റെ ഓഫീസിൽ പരിശോധന നടത്തിയിരുന്നു.
സർക്കാരിനെ വിമർശിക്കരുതെന്ന് പറഞ്ഞിട്ടില്ല
സംസ്ഥാന സർക്കാരിനെ വിമർശിക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചാരണം തീർത്തും അസംബന്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പട്ടാമ്പിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ല. തെറ്റായ കാര്യങ്ങൾ വാർത്തയാക്കുക. അതിൽ ചർച്ച സംഘടിപ്പിക്കുക. മുഖപ്രസംഗം എഴുതുക. ഇതെല്ലാം തെറ്റായ പ്രവണതയാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ്. ക്രിമിനൽ കുറ്റം ആര് ചെയ്താലും കേസെടുക്കും. ഗൂഢാലോചന പരിശോധിക്കുകതന്നെ ചെയ്യും. മനോരമ മുഖപ്രസംഗം എഴുതിയതുകൊണ്ട് നിലപാട് മാറില്ല. അത് തെറ്റാണെങ്കിൽ അന്വേഷണത്തിൽ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ആർഷോയ്ക്കെതിരായ ഗൂഢാലോചനയിൽ മാധ്യമ പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ നിയമനടപടിയെടുക്കണമെന്നാണ് പറഞ്ഞത്. അതിൽ ഉറച്ചുനിൽക്കുന്നു. ഇത് വളച്ചൊടിച്ച് താൻ പറയാത്തത് കെട്ടിച്ചമച്ചാണ് മനോരമ മുഖപ്രസംഗം എഴുതിയത്. ചാനലുകൾ ചർച്ച നടത്തുന്നത്. കൃത്യമായ തിരക്കഥയനുസരിച്ചാണ് ആർഷോയ്ക്കെതിരെയുള്ള ഗൂഢാലോചന. ഇത് അന്വേഷിച്ച് നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്. ശരിയായ നിലപാട് സ്വീകരിക്കുന്നത് അഹങ്കാരമല്ല, ധാർഷ്ട്യമല്ല, കൃത്യമായ കാഴ്ചപ്പാടാണ്. ആ നിലപാട് പാർടി സെക്രട്ടറിയായിരിക്കുമ്പോൾ തുടരുകതന്നെ ചെയ്യുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.