തിരുവനന്തപുരം
വസ്തുതകളുടെ തരിമ്പുമില്ലാതെ അരങ്ങിലെത്തുന്നത് മാധ്യമ– -പ്രതിപക്ഷ കസർത്തുകൾ. വി ഡി സതീശനുപിന്നാലെ കെ സുധാകരനും പ്രതി, സർക്കാരിന്റെ വീഴ്ചയ്ക്ക് മാധ്യമങ്ങളെ പ്രതിയാക്കുന്നു, വ്യാജരേഖ കേസിൽ അറസ്റ്റ് വൈകിച്ച് പൊലീസ്… നിഷ്പക്ഷരെന്ന് നടിക്കുന്ന ചാനലുകളിലും പത്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകളും തലക്കെട്ടുകളുമാണിവ. ഒരേ ധ്വനിയിലും ഭാഷയിലും ഒരേ തലക്കെട്ടിലും ബിഗ് ബ്രേക്കിങ്ങുകളിലും നുണവാർത്താദിനങ്ങളാണ് സൃഷ്ടിച്ചെടുക്കുന്നത്. വർഷങ്ങളെടുത്താലും കേസെടുക്കാനും ഒരാളെ അറസ്റ്റ് ചെയ്യാനും കൃത്യമായി തെളിവ് ശേഖരിക്കുകയാണ് പൊലീസ് രീതി. പലതരം ആക്ഷേപം ഉയർന്നിട്ടും സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലും മോൻസൺ മാവുങ്കലിന്റെ കേസിലും മറ്റും അത് വ്യക്തമാണ്. കോൺഗ്രസ് ഭരണകാലത്ത് ആദ്യം പ്രതിയെ നിശ്ചയിക്കുകയും അതിനാവശ്യമായ അന്വേഷണ റിപ്പോർട്ടുണ്ടാക്കലുമായിരുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് എത്രയെത്ര അനുഭവങ്ങൾ. അക്കാലത്തെ ലോക്കപ്പ് മർദനത്തിന്റെ ഏറ്റവും വലിയ ഇരകളിലൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
പുനർജനി കേസ് പ്രാഥമിക അന്വേഷണമാണ് തുടങ്ങുന്നത് ആരെയും പ്രതിചേർത്തിട്ടില്ല. മാർക്ലിസ്റ്റ് ഗൂഢാലോചന പരാതിയിലും പ്രതിയാക്കലോ അറസ്റ്റോ ഉണ്ടായിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ മതിയായ തെളിവുകൾ ശേഖരിക്കാനാണ് ശ്രമം. എന്നാൽ, മാധ്യമങ്ങളുടെ പൊട്ടിത്തെറികളും പ്രതിപക്ഷ നേതാക്കളുടെ വെല്ലുവിളികളും കണ്ടാൽ സകലർക്കെതിരെയും കേസെടുത്തുവെന്നും അറസ്റ്റ് ചെയ്തുവെന്നും തോന്നും. പറയുമ്പോൾ കേസ് ഒഴിവാക്കണം, പറയുന്ന സമയത്ത് പ്രതിയെ അറസ്റ്റ് ചെയ്യണം എന്നൊക്കെയാണ് വാശി.
എന്തിനാണ് ഈ ഹാലിളക്കമെന്ന സാമാന്യ ജനത്തിന്റെ ചോദ്യം പ്രതിപക്ഷവും മാധ്യമങ്ങളും കേൾക്കുന്നത് നല്ലതാണ്. കുറ്റവാളികളെ രക്ഷിക്കാനോ അതോ പൊലീസിനെ ഭയപ്പെടുത്തി കൂച്ചുവിലങ്ങിടാനോ ? ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പിന്നെയെന്തിന് കൂട്ട നിലവിളി ? നിരപരാധികൾക്കെതിരെ കേസെടുത്താലോ അറസ്റ്റ് ചെയ്താലോ തടയാൻ ഇവിടെ മാർഗങ്ങളൊന്നുമില്ലേ. അപ്പോൾ, അതല്ല വിഷയം. ഇടതുസർക്കാരിനെ അങ്ങനെയങ്ങ് ഭരിച്ച് മിടുക്കരാകാൻ വിടേണ്ട എന്ന ചിലരുടെ ആസൂത്രിത തീരുമാനമാണ്. വാർത്തകൾ ഒന്നിച്ച് ഒഴുക്കിവിടുന്ന വാൽവുകൾ വീണ്ടും തുറന്നിരിക്കുന്നത് കാണാൻ മൈക്രോസ്കോപ്പൊന്നും വേണ്ടല്ലോ. അതുപക്ഷേ, ഇവിടെ ഏൽക്കില്ലെന്ന് എത്രയോ അനുഭവങ്ങളുണ്ട്.