കൊച്ചി
എഴുത്തുപരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലർക്കുമാരായി പ്രവേശനം ലഭിച്ചവർ സംസ്ഥാനത്ത് ജോലിയിൽ പ്രവേശിച്ചത് തിങ്കളാഴ്ച. ചൊവ്വാഴ്ച കൊച്ചിയിൽ ‘റോസ്ഗാർമേള’യിൽ പ്രധാനമന്ത്രി ഓൺലൈനായി തൊഴിൽ നൽകിയവരുടെ കൂട്ടത്തിലും അവരുണ്ട്. അതത് മേഖലാ ഓഫീസുകളിൽ ജോലിയിൽ പ്രവേശിച്ചശേഷം റോസ്ഗാർമേളയിൽ പങ്കെടുക്കണമെന്ന നിയമനക്കത്താണ് ബാങ്ക് കൈമാറിയത്.
ബാങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കാറുള്ള എഴുത്തുപരീക്ഷയും ഇന്റർവ്യൂവും പാസായി നിയമനം ലഭിച്ച 184 പേർക്കാണ് കൊച്ചിയിൽ പ്രധാനമന്ത്രിയുടെ തൊഴിൽദാനമേളയായ ‘റോസ്ഗാർമേള’യിലൂടെ സൗജന്യമായി തൊഴിൽ നൽകിയതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചത്. തിരുവനന്തപുരത്ത് 105 പേർക്കും ഇങ്ങനെ നിയമനക്കത്ത് നൽകി. കേന്ദ്ര സഹമന്ത്രി എ നാരായണസ്വാമി കൊച്ചിയിലും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും പങ്കെടുത്താണ് ഇത്തരത്തിൽ മേള നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിയമനക്കത്ത് നൽകിയതായും പ്രഖ്യാപിച്ചു.
തസ്തിക നിർത്തലാക്കലും കരാർനിയമനവും വ്യാപകമാക്കി സ്ഥിരം ജോലികൾ ഇല്ലാതാക്കുന്ന റെയിൽവേ, എൻപിഒഎൽ, തപാൽവകുപ്പ്, ആദായനികുതിവകുപ്പ്, പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിൽ പരിമിതമായ ഒഴിവുകളിലേക്ക് രണ്ടും മൂന്നും വർഷം കൂടുമ്പോഴാണ് ഇപ്പോൾ സ്ഥിരംനിയമന അപേക്ഷ ക്ഷണിക്കുന്നത്. ഇങ്ങനെ ഐബിപിഎസ്, ആർആർബി, എസ്എസ്സി എന്നീ ഏജൻസികൾ നടത്തുന്ന മത്സരപരീക്ഷയിലെ വിജയികൾക്കുമുന്നിലാണ് ഈ നിയമന പ്രഹസനം.
വർഷങ്ങൾ കാത്തിരുന്നശേഷമുള്ള എഴുത്തുപരീക്ഷയും മാസങ്ങൾക്കുശേഷമുള്ള ഇന്റർവ്യൂവും പാസായി വരുന്നവർക്ക് സാധാരണ ലഭിക്കുന്ന നിയമനമാണ് തൊഴിൽദാനമായി പ്രചരിപ്പിക്കുന്നത്. ഏതാനും മാസങ്ങൾക്കുമുമ്പാണ് റോസ്ഗാർമേള രാജ്യത്ത് ആരംഭിച്ചത്. ചൊവ്വാഴ്ച രണ്ടാംഘട്ടമായി 43 കേന്ദ്രങ്ങളിൽ മേള നടന്നു.
യൂണിയൻ ബാങ്കിൽ ക്ലറിക്കൽ നിയമനം ലഭിച്ചത് തൊഴിൽദാനമാക്കാൻ ശ്രമിച്ചത് ശരിയായില്ലെന്നും ജീവനക്കാരായശേഷം മേളയിൽ പങ്കെടുത്താൽ യാത്രാ ചെലവ് നൽകണമെന്നും ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷൻ ബാങ്ക് ചെയർമാന് കത്തുനൽകിയിട്ടുണ്ട്.