കൊച്ചി
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കുറ്റത്തിൽ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ന്യായീകരണ നുണകളെല്ലാം പൊളിയുന്നു. പ്രതി മോൻസൺ മാവുങ്കൽ മാപ്പുപറഞ്ഞ് അപേക്ഷിച്ചതുകൊണ്ടാണ് കേസ് കൊടുക്കാത്തതെന്നാണ് സുധാകരൻ ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, ഈ സമയം മോൻസൺ ജയിലിലായിരുന്നു. ഇതുവരെ പുറത്തിറങ്ങിയിട്ടുമില്ല. അയാൾ ഏങ്ങനെ നേരിൽകണ്ട് മാപ്പ് പറഞ്ഞു എന്നാണ് ചോദ്യം. മോൻസൺ അറസ്റ്റിലായ 2021 സെപ്തംബർ 26ന് തന്നെ സുധാകരനുമായുള്ള ബന്ധം പുറത്തുവന്നിരുന്നു. ഇതിൽ നിന്ന് മുഖം രക്ഷിക്കാൻ 27ന് വാർത്താ സമ്മേളനം നടത്തി ഇത് നിഷേധിച്ചു.
തൊട്ടുപിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവന്നു. 29ന് മാവുങ്കലിനെതിരെ കേസ് കൊടുക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചു. എന്നാൽ ജയിലിൽ കിടക്കുന്ന മോൻസൺ സങ്കടം പറഞ്ഞ് മാപ്പുചോദിച്ചതുകൊണ്ടാണ് കേസ് കൊടുക്കാത്തതെന്നായി ചൊവ്വാഴ്ചത്തെ പ്രതികരണം. ജയിലിൽ നിന്ന് പുറത്തിറങ്ങാത്ത ആൾ എങ്ങനെ നേരിട്ട് മാപ്പ് ചോദിച്ചു എന്നുമാത്രം സുധാകരൻ വ്യക്തമാക്കിയിട്ടില്ല. മോൻസൺ മാവുങ്കലിന്റെ വീട്ടിൽ 10 ദിവസം സൗന്ദര്യവർധകചികിത്സയ്ക്ക് കെ സുധാകരൻ താമസിച്ചിട്ടുണ്ടെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
തട്ടിപ്പ് പുറത്തുവന്നപ്പോൾ ത്വക്ക് ചികിത്സയ്ക്കുപോയെന്ന് പറഞ്ഞ സുധാകരൻ, ഇപ്പോൾ കണ്ണുചികിത്സക്ക് പോയതാണെന്ന ന്യായീകരണമാണ് നിരത്തുന്നത്.
ക്ലീൻ ചിറ്റുമായി മോൻസൺ
കെപിസിസി പ്രസിഡന്റ് കെ സുധാകരന് ക്ലീൻ ചിറ്റുമായി കൂട്ടുപ്രതി മോൻസൺ മാവുങ്കൽ. കേസുമായി സുധാകരന് ബന്ധമില്ല. കൃത്യമായി അന്വേഷിച്ചാൽ ഡിജിപി ഉൾപ്പെടെ പലരും അകത്തുപോകും. വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്നും കോടതിയിൽ ഹാജരാക്കുന്നതിനിടെ മോൻസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മോൻസൺ
സുധാകരന്റെ ‘ചങ്ക്’
പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ മോൻസൺ മാവുങ്കൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആത്മസുഹൃത്തും ഡോക്ടറും. മോൻസണുമായി അടുത്തബന്ധമാണ് സുധാകരൻ പുലർത്തിയിരുന്നത്. ഇതുവരെ ഇരുവരും പരസ്പരം തള്ളിപ്പറഞ്ഞിട്ടില്ല എന്നതുതന്നെ ഇവരുടെ സൗഹൃദത്തിന്റെ ഇഴയടുപ്പത്തിന് തെളിവാണ്.
ഡോക്ടർ–-രോഗി ബന്ധംമാത്രമാണുള്ളതെന്നാണ് സുധാകരന്റെ അവകാശവാദം. എന്നാൽ, ഇത് കള്ളമാണെന്ന് കെപിസിസി പ്രസിഡന്റിന്റെതന്നെ വാക്കുകളും ചിത്രങ്ങളും തെളിയിക്കുന്നു. തട്ടിപ്പിൽ സുധാകരന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന വിവരങ്ങൾ 2021ൽ മോൻസൺ അറസ്റ്റിലായതിനുപിന്നാലെ പുറത്തുവന്നിരുന്നു.
സാമ്പത്തിക ഇടപാടുകളിൽ ‘ഇടനിലക്കാരന്റെ’ റോളായിരുന്നു സുധാകരന്. 25 ലക്ഷം രൂപ മോൻസണ് കൈമാറിയത് സുധാകരന്റെ സാന്നിധ്യത്തിലാണെന്ന് പരാതിക്കാരനായ അനൂപ് വെളിപ്പെടുത്തി. തെളിവായുള്ള ചിത്രങ്ങളും പുറത്തുവന്നു. മോൻസണും അനൂപിനും ഒപ്പമിരുന്ന് സുധാകരൻ ചർച്ച നടത്തുന്ന ചിത്രമായിരുന്നു അത്. കലൂരിൽ മോൻസന്റെ വസതിയിലായിരുന്നു ചർച്ച. ‘ഇടപാടുകളെല്ലാം സുധാകരന് അറിയാം’ എന്ന് മോൻസൺ പറയുന്ന വീഡിയോയും പുറത്തുവന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് പണം കൈമാറിയതെന്ന് കോഴിക്കോട് സ്വദേശി ഷെമീർ എന്നയാൾ വെളിപ്പെടുത്തിയിരുന്നു.
മോൻസന്റെ പല ഇടപാടുകൾക്കും നേരിട്ട തടസ്സങ്ങൾ ഡൽഹിയിൽ പരിഹരിച്ചിരുന്നതും സുധാകരനാണ്. കലൂരിലെ ആഡംബരവസതിയിൽ നിരവധിതവണ താമസിച്ചിട്ടുമുണ്ട്. കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ ഉടൻ ഇന്ദിരാഭവനിലെത്തിയ സുധാകരനെ മോൻസൺ വന്ന് കണ്ടിരുന്നു.
മോൻസണുമായുള്ള ബന്ധത്തെക്കുറിച്ചുയർന്ന ആരോപണങ്ങളിൽ തുടക്കംമുതൽ സുധാകരന്റെ പ്രതിരോധം പാളിയതും കേരളം കണ്ടു. ഡോക്ടറാണെന്നു കരുതി ത്വക്കിന് ചികിത്സിച്ചിട്ടുണ്ടെന്നായിരുന്നു ആദ്യപ്രതികരണം. പിന്നീട് മലക്കംമറിഞ്ഞു. കണ്ണിന്റെ പ്രശ്നം കാണിക്കാനാണ് പോയതെന്ന് തിരുത്തി. പരാതിക്കാരെ അറിയില്ലെന്ന് പറഞ്ഞതും തിരുത്തി. മോൻസന്റെ അടുക്കൽ ചികിത്സയ്ക്ക് പോയപ്പോൾ പരാതിക്കാരിലൊരാളായ അനൂപിനെ കണ്ടിട്ടുണ്ടെന്നും സുധാകരന് പിന്നീട് സമ്മതിക്കേണ്ടിവന്നു.സൗന്ദര്യവർധകചികിത്സയ്ക്കെന്നു പറഞ്ഞ് കെ സുധാകരൻ മോൻസന്റെ വീട്ടിൽ 10 ദിവസം താമസിച്ചതായി പരാതിക്കാർ ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിലുണ്ട്.
സുധാകരനെ ചോദ്യംചെയ്യാൻ
ക്രൈംബ്രാഞ്ച്; നിയമോപദേശം തേടും
മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യംചെയ്യാനുറച്ച് ക്രൈംബ്രാഞ്ച്. പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കുറ്റത്തിന് കേസിലെ രണ്ടാംപ്രതിയായ സുധാകരനെ ചോദ്യംചെയ്താലേ തട്ടിപ്പിന്റെ വ്യാപ്തി, വിശദാംശങ്ങൾ, മറ്റു കണ്ണികൾ എന്നിവ വ്യക്തമാകൂ. അതിനാൽ സുധാകരനെ ഉടൻ ചോദ്യംചെയ്യണമെന്ന നിലപാടിലാണ് അന്വേഷകസംഘം.
കേസിൽ ഐജി ജി ലക്ഷ്മണ, റിട്ട. ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് എസിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. തട്ടിപ്പിൽ ഇരുവർക്കും പങ്കുണ്ടെന്നും മോൻസനുവേണ്ടി ഒത്താശ ചെയ്തെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. സുധാകരനോട് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ഹാജരാകില്ലെന്ന് വാർത്താസമ്മേളനത്തിൽ സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിലപാടിൽ ഉറച്ചുനിന്നാൽ നിയമോപദേശം തേടി തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. ഹാജരാകാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ചിനെ ഔദ്യോഗികമായി സുധാകരൻ അറിയിച്ചിട്ടില്ല.
ബുധനാഴ്ച രേഖാമൂലം സാവകാശം തേടുന്നതിനൊപ്പം ചോദ്യംചെയ്യലിൽനിന്നുകൂടി ഒഴിവാകാൻ കോടതിയെ സമീപിച്ചേക്കുമെന്നാണ് അന്വേഷകസംഘത്തിന്റെ നിഗമനം. തുടർച്ചയായി ഒഴിഞ്ഞുമാറാൻ സുധാകരന് കഴിയില്ല. വഞ്ചനാക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ സുധാകരനെ പ്രതിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്.
മോൻസൺ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി എം ടി ഷെമീർ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ, മോൻസന്റെ കൈയിൽനിന്ന് സുധാകരൻ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. മോൻസന്റെ മുൻഡ്രൈവർ അജിത്തും മറ്റു ജീവനക്കാരായ ജയ്സണും ജോഷിയുമാണ് പണം വാങ്ങുന്നത് കണ്ടതായി കോടതിയിൽ രഹസ്യമൊഴി നൽകിയത്.
കേസിലെ മറ്റൊരു പരാതിക്കാരൻ തൃശൂർ സ്വദേശി അനൂപ്, മോൻസന് 25 ലക്ഷം രൂപ നൽകിയിരുന്നു. ഇതിന് സുധാകരൻ ഇടനില നിന്നതായാണ് പരാതി. അനൂപ് പോയശേഷം ഇതിൽനിന്ന് സുധാകരന് 10 ലക്ഷം രൂപ മോൻസൺ കൈമാറിയതായാണ് ദൃക്സാക്ഷികളുടെ മൊഴി. സുധാകരൻ ലോക്സഭാ സ്ഥാനാർഥിയായിരുന്ന സമയത്താണ് സംഭവം.ഈ വിഷയത്തിൽ ഇഡി അന്വേഷണത്തിനും സാധ്യത തെളിഞ്ഞു. മോൻസന്റെ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന ഡയറി ഇഡിക്ക് ലഭിച്ചിട്ടുണ്ട്.