ന്യൂഡൽഹി
മണിപ്പുരിൽ ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും ഒരു മരണംകൂടി സ്ഥിരീകരിച്ചു. 11 പേർക്ക് പരിക്ക്. ബിഷ്ണുപുർ ജില്ലയിലെ ഗോവിന്ദ്പുരിൽ റോഡിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ച സംഘാംഗം സുരക്ഷാസേനയുടെ വെടിയേറ്റാണ് മരിച്ചത്. മെയ്ത്തീ ഭൂരിപക്ഷമുള്ള ഇംഫാൽ ഈസ്റ്റ് ജില്ലയുടെയും കുക്കികൾ പാർക്കുന്ന കാങ്പോക്പി ജില്ലയുടെയും അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പതു പേർക്ക് പരിക്കേറ്റു.
ഇതിനിടെ സമാധാനം സ്ഥാപിക്കാനുള്ള കമ്മിറ്റിയിൽ മുഖ്യമന്ത്രി എൻ ബീരേൻസിങ്ങിനെ ഉൾപ്പെടുത്തിയതിനെ ഇൻഡിജൻസ് ട്രൈബൽ ലീഡേഴ്സ് ഫോറം എതിർത്തു. പതിനഞ്ചിന് പകൽ രണ്ടിന് രാജ്ഭവനിൽ സമാധാന കമ്മിറ്റിയുടെ പ്രഥമ യോഗം ചേരും. മെയ്ത്തീകൾ പൊതുവെ ഇതിനെ സ്വാഗതം ചെയ്യുന്നു. കുക്കി വിഭാഗത്തിന്റെ പൊതുവേദിയായ കുക്കി ഇൻപി മണിപ്പുർ വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.