തിരുവനന്തപുരം
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കെഎസ്യു സംസ്ഥാന കൺവീനർ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലി നേടാൻ സഹായിച്ചത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. 2019ലാണ് ആലപ്പുഴയിലെ പ്രമുഖ സ്ഥാപനത്തിൽ അൻസിൽ ജലീലിന് ജോലി കിട്ടിയത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ആലപ്പുഴ എസ്ഡി കോളേജിൽനിന്ന് ബികോം പാസായെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ അപേക്ഷിച്ചത്. ഒപ്പം വേണുഗോപാലിന്റെ ശുപാർശയും ഉണ്ടായിരുന്നു. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഓഫീസിലായിരുന്നു ആദ്യ നിയമനം. തുടർന്നുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ ക്രമക്കേട് കണ്ടെത്തി. തട്ടിപ്പ് മനസ്സിലാക്കി സ്ഥാപനം ഇയാളെ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, തട്ടിപ്പ് പുറത്തായശേഷവും അൻസിലിനെ രക്ഷകനായി കെ സി വേണുഗോപാൽ തന്നെ അവതരിച്ചു. കെഎസ്യു പുനഃസംഘടനയിൽ അൻസിലിന്റെ സ്ഥാനമുറപ്പിക്കാനായി പിന്നീടുള്ള ശ്രമം. ആലപ്പുഴലിലെ ഒരു കെപിസിസി സെക്രട്ടറിയും ഇതിന് ചരടുവലിച്ചു. ഇവരുടെ സമ്മർദത്തെത്തുടർന്ന് വിദ്യാർഥി പോലുമല്ലാത്ത അൻസിൽ ഉന്നത സ്ഥാനത്തെത്തി. ആലപ്പുഴ എസ്ഡി കോളേജിൽ എഴുതിയ പരീക്ഷകളിലെല്ലാം തോറ്റതോടെയാണ് അൻസിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ജോലിയിൽനിന്ന് പിരിച്ചുവിട്ടശേഷം ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചയായെങ്കിലും ഒതുക്കിത്തീർക്കാനുള്ള നീക്കമാണ് നേതാക്കൾ നടത്തിയത്.
രജിസ്ട്രാർ റിപ്പോർട്ട് തേടി
വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച സംഭവത്തിൽ ഉടനടി റിപ്പോർട്ട് നൽകണമെന്ന് കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.