മനാമ > യുഎഇയിലെ സ്വകാര്യ മേഖല കമ്പനികളിൽ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ കൈവരിക്കാൻ നൽകിയ സമയ പരിധി നീട്ടി. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികളിൽ അർദ്ധവാർഷിക സ്വദേശിവൽക്കരണം കൈവരിക്കുന്നതിന് അനുവദിച്ച സമയപരിധി ഈ മാസം30 ൽ നിന്ന് ജൂലായ് ഏഴുവരെ നീട്ടിയതായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ഓരോ ആറുമാസത്തിലും കമ്പനികൾ സ്വദേശി ജീവനക്കാരുടെ എണ്ണം ഒരു ശതമാനം വീതം വർദ്ധിപ്പിക്കുക എന്നതാണ് അർദ്ധ വാർഷിക സ്വദേശിവൽക്കരണം ലക്ഷ്യമിടുന്നത്. ഇങ്ങിനെ 2023 അവസാനത്തോടെ രണ്ട് ശതമാനം സ്വദേശിവൽക്കണ നിരക്ക് കൈവരിക്കണം. സമയപരിധിക്കകം സ്വദേശിവൽക്കരണം പൂർത്തീകരിക്കാത്ത കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും 42,000 ദിർഹം പിഴ ചുമത്തും. വർഷത്തിൽ പിഴ 84,000 ദിർഹമാണ്. കഴിഞ്ഞ വർഷം 72,000 ദിർഹമായിരുന്നു വാർഷിക പിഴ. ജീവനക്കാരുടെ എണ്ണത്തിന് അനുപാതികമായി പിഴ വർധിക്കും. പിഴ സംഖ്യ ആറുമാസത്തിൽ കമ്പനികളിൽ നിന്ന് ഇടാക്കും. 2026 വരെ പിഴ പ്രതിവർഷം 1,000 ദിർഹം വീതം വർധിക്കും.
വർഷത്തിൽ രണ്ടുശതമാനം എന്ന നിരക്കിലാണ് സ്വദേശിവൽക്കരണം. ഈ വർഷാവസാനത്തോടെ, ക്മ്പനികളിൽ മൊത്തം നാല് ശതമാനം സ്വദേശി ജീവനക്കാരുണ്ടാകണമെന്നാണ് തീരുമാനം. 2026ൽ സ്വദേശി അനുപാതം 10 ശതമാനമാക്കാനാണ് എമിറൈറ്റേഷൻ എന്ന പേരിൽ അറിയപ്പെടുന്ന സ്വദേശിവൽക്കരണം ലക്ഷ്യമിടുന്നത്. ഈദ് അവധി ദിനങ്ങൾ കണക്കിലെടുത്ത് കമ്പനികൾക്ക് മതിയായ സമയം നൽകാനാണ് സമയപരിധി നീട്ടിയത്.