മസ്കറ്റ് /ഒമാൻ> പരീക്ഷയുടെ സമ്മർദം കഴിഞ്ഞ് വേനൽ അവധിയിലേക്ക് കടന്ന കുട്ടികളുടെ സർഗാത്മക കഴിവുകൾ ഉണർത്തുക, ക്ലാസ് മുറികൾക്കപ്പുറമുള്ള അറിവുകൾ സായത്തമാക്കുക, കേരളം എന്ന വലിയ സംസ്കാരത്തെ അടുത്തറിയുക എന്നിങ്ങനെ ഒട്ടനവധി വലിയ ഉദ്ദേശലക്ഷ്യങ്ങൾ മുമ്പോട്ടുവെച്ചുകൊണ്ട് കൈരളി റൂവി മലയാളികളായ കുട്ടികൾക്കുവേണ്ടി ഏകദിന സമ്മർ ക്യാമ്പ് സങ്കടിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 9 മുതൽ റൂവി എം ബി ഡി യിലെ സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ ആരംഭിച്ച ക്യാമ്പ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിതീഷ് കുമാർ ഉത്ഘാടനം ചെയ്തു. റൂവി യൂണിറ്റ് പ്രസിഡണ്ട് വരുൺ പരിപാടിയുടെ അധ്യക്ഷൻ ആയിരുന്നു. കൈരളി ഒമാൻ പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ, കൈരളി മസ്കറ്റ് ഏരിയ സെക്രട്ടറി റജി ഷാഹുൽ, അനുചന്ദ്രൻ, സുബിൻ എന്നിവർ സംസാരിച്ചു. അഭിലാഷ് ശിവൻ പരിപാടിക്ക് സ്വാഗതം പറഞ്ഞു. ഒമാനിലെ പ്രമുഖ പ്രിന്റിംഗ് കമ്പനിയായ ഫാൽക്കൻ പ്രിന്റേഴ്സ് ഉടമ സുരേന്ദ്രൻ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശസ്ത നാടക പ്രവർത്തകൻ സുനിൽ ഗുരുവായൂരപ്പൻ, വേണുഗോപാൽ എന്നിവർ ക്യാമ്പ് നയിച്ചു.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. വേനൽ മഴ 2023 വൻ വിജയമാക്കാൻ സഹായിച്ച മുഴുവൻ ആളുകൾക്കും കൈരളി റൂവി പ്രവർത്തകർ നന്ദി അറിയിച്ചു. ഇനിയും ഇത്രരം വിവിധ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കൈരളി റൂവി മുൻപോട്ടു വരുമെന്ന് സംഘാടകർ അറിയിച്ചു.