ന്യൂഡൽഹി
ബ്രിജ് ഭൂഷണിൽനിന്ന് ഗുസ്തി താരങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങളുടെ വീഡിയോ ഓഡിയോ തെളിവും ചിത്രങ്ങളും സമർപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായി കേന്ദ്രസർക്കാരിനുകീഴിലുള്ള ഡൽഹി പൊലീസ്. രണ്ടു വനിതാ താരങ്ങളോടാണ് ജൂൺ അഞ്ചിന് ഇതാവശ്യപ്പെട്ടത്. നേരത്തേ മേരികോം അധ്യക്ഷയായ അന്വേഷണ സമിതിയും സമാന ആവശ്യം ഉന്നയിച്ചത് രൂക്ഷവിമർശത്തിന് ഇടയാക്കിയിരുന്നു.
അന്താരാഷ്ട്ര മെഡൽ നേടിയ രാത്രി ബ്രിജ് ഭൂഷൺ ഒരു താരത്തെ ബലമായി കടന്നുപിടിച്ച് ആലിംഗനം ചെയ്തെന്ന് എഫ്ആറിലുണ്ട്. 2016ൽ ഭക്ഷണശാലയിൽവച്ച് സ്വകാര്യഭാഗങ്ങളിൽ പിടിച്ചതിനു പുറമെ പ്രതിയുടെ വസതിയിലുള്ള ഫെഡറേഷൻ ഓഫീസിൽവച്ചും താരം അതിക്രമം നേരിട്ടു. മറ്റൊരുതാരം പരിശീലനം നടത്തുന്നതിടെ ജേഴ്സി ബലമായി ഉയർത്തിമാറ്റിയ പ്രതി സ്വകാര്യഭാഗങ്ങളിൽ പിടിച്ചെന്നും ഓഫീസിൽവച്ച് അതിക്രമം തുടർന്നെന്നും എഫ്ഐആറിൽ പറയുന്നു. ഇതിന്റെ വീഡിയോ ഓഡിയോ തെളിവും ചിത്രങ്ങളുമാണ് അന്വേഷകസംഘം ചോദിക്കുന്നത്. ഒരു താരത്തിന്റെ ബന്ധുവിനോടും തെളിവ് നൽകാൻ ആവശ്യപ്പെട്ടു. തങ്ങളാൽ കഴിയുന്നവ നൽകിയെന്ന് ഇരു താരങ്ങളും വ്യക്തമാക്കി.
പൊലീസ് മാനസികമായി തകർക്കാൻ ശ്രമിക്കുകയാണെന്നും കടുത്ത സമ്മർദത്തിലാണെന്നും സാക്ഷി മലിക് ശനിയാഴ്ച ആരോപിച്ചിരുന്നു. കടുത്ത സമ്മർദംമൂലമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴിമാറ്റിയതെന്നും താരം കുറ്റപ്പെടുത്തി. അതേസമയം, പൊലീസിനെ രൂക്ഷമായി വിമർശിച്ച് താരങ്ങൾക്കായി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ രംഗത്തെത്തി. ഇപ്പോൾ ഇരകളാകുന്നവർ ഫോട്ടോയെടുക്കുന്നതിനു പുറമെ വീഡിയോ ചിത്രീകരിക്കാൻ മറ്റൊരാെള സജ്ജരാക്കി നിർത്തേണ്ടിവരും. അതിനായി ഇരകൾക്ക് നോട്ടീസ് നൽകിയശേഷം ആക്രമണം നടത്തേണ്ടിവരുമെന്നും സിബൽ പറഞ്ഞു.