ന്യൂഡൽഹി
കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഉറപ്പ് പരിഗണിച്ച് പുതിയ പാർടി രൂപീകരണ പ്രഖ്യാപനത്തിൽനിന്ന് തൽക്കാലത്തേക്ക് പിൻവാങ്ങി സച്ചിൻ പൈലറ്റ്. രാജേഷ് പൈലറ്റിന്റെ ചരമവാർഷികത്തിൽ ദൗസയിൽ സംഘടിപ്പിച്ച റാലിയിൽ സച്ചിൻ പുതിയ പാർടി രൂപീകരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അമേരിക്കയിലേക്ക് പോയ രാഹുൽ ഗാന്ധി മടങ്ങിയെത്തിയശേഷം മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീർപ്പുണ്ടാക്കുമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതോടെയാണ് സച്ചിന്റെ പിൻമാറ്റം.
അശോക് ഗെലോട്ട് സർക്കാരിനെതിരായ നിലപാടുകളിൽനിന്ന് പിന്നാക്കം പോകില്ലെന്ന് സച്ചിൻ ആവർത്തിച്ചു. വിശ്വാസ്യതയ്ക്കാണ് താൻ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസവും പ്രതിജ്ഞാബദ്ധതയുമാണ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മൂലധനമെന്നും പൈലറ്റ് പറഞ്ഞു. ദൗസയിലെ ഗുർജാർ ചത്രവാസിൽ രാജേഷ് പൈലറ്റിന്റെ പ്രതിമ സച്ചിൻ പൈലറ്റ് അനാച്ഛാദനം ചെയ്തു.
ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജസ്ഥാനിൽ ഗെലോട്ട്–- പൈലറ്റ് പോര് കോൺഗ്രസിന് വലിയ തലവേദനയാണ്. ഒരു കാരണവശാലും പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗെലോട്ട്. പൈലറ്റാകട്ടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കമെന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരരാജെ സിന്ധ്യയുമായി ഗെലോട്ട് ഒത്തുകളിക്കുന്നെന്ന ആക്ഷേപം പൈലറ്റ് ക്യാമ്പിനുണ്ട്. രാജെ സർക്കാരിനെതിരെ ഉയർന്ന അഴിമതി ആക്ഷേപങ്ങളിൽ അന്വേഷണത്തിന് ഗെലോട്ട് തയ്യാറാകാത്തത് ഇക്കാരണത്താലാണെന്ന് പൈലറ്റ് ആരോപിക്കുന്നു.